BREAKING NEWS

സൽമാൻ ഖാനെ ലക്ഷ്യമിട്ടു, പിന്നെ ടൈഗർ ഷ്റോഫിലേക്ക്; അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും വീടുകൾ നിരീക്ഷിച്ചെന്ന് പ്രതികൾ

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികൾ, ആക്രമണത്തിന് മുമ്പ് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരുടെ വീടുകളും സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. വീടുകളിലെ കനത്ത സുരക്ഷ കണക്കിലെടുത്ത് ആക്രമണപദ്ധതി ഉപേക്ഷിച്ച പ്രതികൾ പിന്നീട് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ മുംബൈയിലെ ജൂഹുവിലുള്ള ഫുട്ബോൾ ക്ലബ്ബിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായത്. നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന പ്രതികളെ തിങ്കളാഴ്ച രാജസ്ഥാനിലെ കോട്ടയിൽവെച്ച് ട്രെയിനിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ ബെഗുസരായി സ്വദേശിയായ റിതിക് എന്ന റോഷൻ, ഹരിയാനയിലെ സോണിപ്പത് സ്വദേശിയായ റെഹാൻ എന്നിവരടക്കം മൂന്നുപേരാണ് പിടിയിലായത്.

ടൈഗർ ഷ്റോഫായിരുന്നില്ല അക്രമികളുടെ ആദ്യ ലക്ഷ്യമെന്നും മറ്റൊരു പ്രമുഖ ബോളിവുഡ് താരത്തെയാണ് അവർ ലക്ഷ്യമിട്ടിരുന്നതെന്നും മുംബൈ ക്രൈംബ്രാഞ്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കിയിരുന്നു. നടൻ സൽമാൻ ഖാനെ വെടിവെച്ചുകൊല്ലാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാൻ ഖാന്റെ വസതിക്കു മുന്നിൽവെച്ച് ആക്രമണം നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വസതിക്കു മുന്നിലെ കനത്ത പോലീസ് സുരക്ഷയും ബാന്ദ്ര പോലീസ് സ്റ്റേഷന്റെ പട്രോളിങ് വാഹനവും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും കണ്ടതോടെ ഇവർ പദ്ധതി ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്.

തുടർന്ന് ടൈഗർ ഷ്റോഫിന്റെ സുരക്ഷാ ക്രമീകരണങ്ങളും നീക്കങ്ങളും നിരീക്ഷിച്ച പ്രതികൾ അദ്ദേഹത്തെ ലക്ഷ്യമിടാൻ തീരുമാനിക്കുകയായിരുന്നു. താരത്തെ ആക്രമിക്കുന്നത് എളുപ്പമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പദ്ധതി മാറ്റമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരുടെ വീടുകളും സുരക്ഷാ സംവിധാനങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത്. കേസിൽ പ്രതികളുടെ ലക്ഷ്യങ്ങളും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

 

BREAKING NEWS
‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ
21 Oct 2026
BREAKING NEWS
‘സമസ്തയോട് ചോദിച്ചില്ല, മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും അറിഞ്ഞില്ല’; വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ; ‘മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്‘
21 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’ക്രൂരത; ഒരു ഷെഡ്ഡിൽ മാത്രം ഇരുന്നൂറോളം നായക്കൾ; തീറ്റയും വെള്ളവും ഇല്ല; ‍ഞാൻ ചെല്ലുമ്പോൾ നായകൾ ചത്തുകിടക്കുന്നത് കണ്ടു; ഷെൽട്ടർ ഹോമിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി, ലൈസൻസില്ലാത്തയാൾക്കാണ് നടത്തിപ്പ് ചുമതല ’: മേയർക്കെതിരെ എസ്.പി. ദീപക്
21 Oct 2026