പാലക്കാട്: കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന്റെ പേരിൽ യുവാക്കൾക്കുനേരെ ആക്രമണം. വാടാനാംകുറുശ്ശിയിൽ നടന്ന സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി അന്വേഷണം തുടരുകയാണ്.
വാടാനാംകുറുശ്ശി പരുത്തിപ്ര മേലേപുറത്ത് ബാബുരാജ്, മയ്യൻകുന്നത്ത് സുരേഷ്, മയ്യൻകുന്നത്ത് സുബീഷ് എന്നിവരാണ് അറസ്റ്റിലായത്. കാറൽമണ്ണ സ്വദേശി ഹരികൃഷ്ണനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വാടാനാംകുറുശ്ശി കുഴിയാനാംകുന്ന്–കാരക്കാട് റോഡിൽ ആടുവളർത്തൽ കേന്ദ്രത്തിന് സമീപമായിരുന്നു ആക്രമണം. പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നത് യുവാക്കൾ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജയരാജനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിനെയും സന്തോഷിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
പ്രധാന പ്രതിയായ ബാബുരാജിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷിനെയും സുബീഷിനെയും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി പിടികൂടി. ഒളിവിലുള്ള ഹരികൃഷ്ണനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിക്കേസുകളിൽ സ്ഥിരം കുറ്റവാളിയായ ബാബുരാജ് കാപ്പ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സുരേഷിനും സുബീഷിനുമെതിരേ നേരത്തെയും കഞ്ചാവ് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.