എറണാകുളം: കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഞാറയ്ക്കൽ എസ്.ഐ. ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് എസ്.ഐ. ജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മുന്ന എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറെ മർദിച്ചതെന്നാണ് വിവരം.
സംഭവസ്ഥലത്തെത്തിയ പോലീസ് മർദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുന്ന എസ്.ഐ. ജിതിനെയും കോൺസ്റ്റബിൾ രാകേഷിനെയും കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്കും പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് മുന്ന എന്നറിയപ്പെടുന്ന പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി റാഹിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാനെത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സംഘം ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.