ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി. നാഗപട്ടണത്തെ ടിവികെ ഭാരവാഹിയായ ബൂപാലനെ135 കിലോ മെത്താംഫെറ്റമിൻ കടത്താൻ ശ്രമിക്കുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ഭരണകക്ഷിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
നൂറുകണക്കിന് കോടി രൂപ വിലമതിക്കുന്ന ഏകദേശം 135 കിലോഗ്രാം മെത്താംഫെറ്റമിൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ മയക്കുമരുന്ന് ശേഖരം ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നുമാണ് ഉദയനിധി സ്റ്റാലിൻ എക്സിലൂടെ ആരോപിച്ചത്. എന്നാൽ, സംഭവത്തിൽ ഡിആർഐ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. മാത്രമല്ല മയക്കുമരുന്നിന്റെ അളവ്, വില, ലക്ഷ്യസ്ഥാനം തുടങ്ങിയ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി
ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് പ്രചാരണവേളയിൽ ഉയർത്തിയിരുന്ന “മയക്കുമരുന്ന് ഉപേക്ഷിക്കൂ, കായികരംഗത്തെ സ്വീകരിക്കൂ” എന്ന സന്ദേശത്തെ പരാമർശിച്ചായിരുന്നു ഉദയനിധിയുടെ വിമർശനം. മയക്കുമരുന്ന് കടത്ത് തടയുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധത എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിയത്, ആർക്കുവേണ്ടിയാണ് കടത്താൻ ശ്രമിച്ചത്, സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം കൈമാറിയിട്ടുണ്ടാകാമെന്നും കടത്തിൽ അവരുടെ പങ്കുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ കേസിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് ബൂപാലനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ടിവികെ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം പാർട്ടിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ബൂപാലനുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി വിജയ്ക്കൊപ്പം ബൂപാലൻ നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ മയക്കുമരുന്ന് ഉപയോഗവും കടത്തും പ്രധാന പൊതുചർച്ചാവിഷയങ്ങളിലൊന്നായിരുന്നതിനാൽ പുതിയ സംഭവം ഭരണകക്ഷിക്ക് രാഷ്ട്രീയ സമ്മർദമുണ്ടാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എൻഡിടിവിയോട് പ്രതികരിച്ച ടിവികെ വക്താവ് എം. സത്യകുമാർ, ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞയുടൻ ബൂപാലനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി പറഞ്ഞു. “വിവരം അറിഞ്ഞ നിമിഷം തന്നെ ഭാരവാഹിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഓരോ അംഗത്തിന്റെയും പശ്ചാത്തലം പരിശോധിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ചിലപ്പോൾ അവർ നേതാക്കൾക്കൊപ്പം ചിത്രങ്ങൾ എടുക്കാറുണ്ട്,” സത്യകുമാർ പറഞ്ഞു.
കൂടാതെ മുൻ ഡിഎംകെ ഭരണകാലത്ത് മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ ജാഫർ സാദിഖിന്റെ സംഭവവും അദ്ദേഹം പരാമർശിച്ചു. അന്നും ഡിഎംകെ ജാഫർ സാദിഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് സത്യകുമാർ ചൂണ്ടിക്കാട്ടി. കേസിൽ ഡിആർഐയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലാത്തതിനാൽ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച ആരോപണങ്ങളിലും മറ്റ് വ്യക്തികളുടെ പങ്കിനെക്കുറിച്ചുള്ള അവകാശവാദങ്ങളിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.