തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ പൊലീസ് നടത്തിയ നടപടിയെച്ചൊല്ലി വിവാദം. മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പൊളിക്കാൻ കോർപറേഷൻ ഇടപെട്ടു. അനുമതിയില്ലാതെ മാനവീയം വീഥിയിൽ പരിപാടി നടത്തുന്നത് തടയണമെന്ന് കോർപറേഷൻ കത്ത് നൽകിയതായി സ്ഥലത്തെത്തിയ പോലീസ് വിശദീകരിച്ചു. പിന്നാലെ അനുമതിയില്ലാതെ നടത്തുന്ന പരിപാടിയുടെ മൈക്ക് പിടിച്ചെടുക്കാൻ പോലീസ് ശ്രമം നടത്തി. എന്നാൽ പരിപാടിയുടെ ഭാഗമായി എത്തിച്ചേർന്ന പൊതുജനങ്ങൾ ഒന്നാകെ പ്രതിഷേധിച്ചതോടെ പോലീസിന് പിൻവാങ്ങേണ്ടിവന്നു.
അതേസമയം ചലച്ചിത്രതാരം പ്രകാശ് രാജ് എത്തിച്ചേരുന്നതിന് മുൻപായിരുന്നു പോലീസിനെ ഉപയോഗിച്ച് പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായത്. പ്രകാശ് രാജ് എത്തിച്ചേരും എന്ന ഉറപ്പ് ലഭിച്ചത് തലേദിവസം വൈകുന്നേരം മാത്രമാണ്. പരിപാടി സംബന്ധിച്ച് രാവിലെതന്നെ പോലീസ് സ്റ്റേഷനിൽ അറിയിച്ചതാണെന്നും സമര സംഘാടകർ പറഞ്ഞു.