മുംബൈ: പച്ചക്കറി വിൽപ്പനക്കാരനെ കൊലപ്പെടുത്തി മൃതദേഹം കടലിൽ തള്ളിയ സംഭവത്തിൽ ഒരേ കുടുംബത്തിലെ ആറുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ബസന്ത്ലാൽ സുഖ്ദേവ് കോരി (പേര് 59) മുംബൈയിലെ മലാഡ് വെസ്റ്റിൽ സന്തോഷ് മിശ്രയുടെ കീഴിൽ പച്ചക്കറി വിൽപ്പനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
സംഭവത്തിൽ ജുഗ്രാജ് രാംനാഥ് യാദവ് (59), സന്തോഷ് വൃന്ദാവൻ മിശ്ര (65), ശിവം സന്തോഷ് മിശ്ര (27), മീര സന്തോഷ് മിശ്ര (56), അഞ്ജു സന്തോഷ് മിശ്ര (34), വന്ദന സന്തോഷ് മിശ്ര (29) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതികൾ ബസന്ത്ലാലിന്റെ മൃതദേഹം ഒരു ചാക്കിൽ കെട്ടി കടലിൽ ഉപേക്ഷിക്കുകയായിരുന്നു. അന്ധേരി വെസ്റ്റിലെ വെർസോവയിലുള്ള ദേവാച്ചി വാഡി ബീച്ചിന് സമീപമാണ് മൃതദേഹം കടലിൽ തള്ളിയത്.
അതേസമയം ഒക്ടോബർ ഒന്നിന് രാവിലെ 8.45ഓടെയാണ് ബീച്ചിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് സന്തോഷ് മിശ്രയുടെ കീഴിൽ ജോലി ചെയ്തിരുന്ന ബസന്ത്ലാൽ സുഖ്ദേവ് കോരിയാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നാലെ സന്തോഷ് മിശ്രയും കുടുംബാംഗങ്ങളും മുംബൈയിലെ വീട്ടിൽനിന്ന് കടന്നുകളയുകയും നഗരം വിടുകയും ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് രണ്ട് സംഘങ്ങളെ ഉത്തർപ്രദേശിലേക്ക് അയച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ജുഗ്രാജ് രാംനാഥ് യാദവിനെ കണ്ടെത്തിയത്. ദിവസങ്ങൾക്കുശേഷം മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്ത് മുംബൈയിലെത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.