BREAKING NEWS

സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ… സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു… ഒടുവിൽ രായ്ക്കുരാമാനം യുക്രെയ്നിലേക്ക് നാടുവിട്ട് റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ,

· · 1 min read
Share: Copied!

മോസ്കോ: റഷ്യൻ സൈന്യത്തിലെ രഹസ്യവിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ റഷ്യൻ സൈനികരുടെ മരണത്തിന് വഴിയൊരുക്കിയ ശേഷം യുദ്ധമുഖം കടന്ന് യുക്രെയ്നിലേക്ക് രക്ഷപ്പെട്ട് റഷ്യൻ സൈനികൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സർക്കാരിനെതിരെ പോരാടുന്ന സൈനിക വിഭാഗത്തിൽ ചേർന്നതായി 26കാരനായ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ലെഫ്. ലെവ് സ്റ്റുപ്നിക്കോവ് വ്യക്തമാക്കുന്നു. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റഷ്യൻ സൈന്യത്തിൽ ഔദ്യോഗിക പദവി വഹിച്ചിരുന്ന സ്റ്റുപ്നിക്കോവ്, സൈനിക നീക്കങ്ങൾ, യുദ്ധപദ്ധതികൾ, നിരീക്ഷണ ഡ്രോണുകളിൽനിന്നും ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ യുക്രെയ്ൻ സൈനിക ഇന്റലിജൻസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്വന്തം രാജ്യത്തിനെതിരെ പ്രവർത്തിച്ചതിന് വ്യക്തിപരമായ വിലയും അദ്ദേഹത്തിന് നൽകേണ്ടിവന്നു. യുക്രെയ്നിലെത്തിയശേഷം പുടിൻ സർക്കാരിനെതിരെ പോരാട്ടത്തിൽ പങ്കുചേർന്നെങ്കിലും ഭാര്യയുമായുള്ള ബന്ധം നഷ്ടപ്പെട്ടുന്നും വാൾ സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചെന്നായിരുന്നു ഭാര്യയുടെ ആരോപണം.

ബുഡിയോണി മിലിട്ടറി അക്കാദമി ഓഫ് ദ സിഗ്നൽ കോർപ്സിൽനിന്ന് പഠനം പൂർത്തിയാക്കിയ സ്റ്റുപ്നിക്കോവിനെ, യുക്രെയ്നിന്റെ ഡോൺബാസ് മേഖലയിലെ പ്രതിരോധത്തിലെ പ്രധാന കേന്ദ്രമായ വുഹ്ലെദാർ പിടിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട റഷ്യൻ സൈനിക ബറ്റാലിയന്റെ ചീഫ് സിഗ്നൽസ് ഓഫീസറായാണ് നിയമിച്ചത്. സൈനിക മേധാവികൾക്ക് വിവിധ യൂണിറ്റുകളുമായി ആശയവിനിമയം നടത്താനും നിരീക്ഷണ സംവിധാനങ്ങളിൽനിന്നുള്ള വിവരങ്ങൾ ലഭ്യമാക്കാനും ഉറപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. എന്നാൽ, ഈ പദവി ഉപയോഗിച്ച് റഷ്യൻ സൈനികരുടെ കൃത്യമായ സ്ഥാനങ്ങളും വരാനിരിക്കുന്ന നീക്കങ്ങളും അദ്ദേഹം രഹസ്യമായി യുക്രെയ്ൻ സൈനിക ഇന്റലിജൻസിന് കൈമാറുകയായിരുന്നു.

കിഴക്കൻ യുക്രെയ്നിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തിൽ വയറുവേദന അഭിനയിച്ച് സഹസൈനികരിൽനിന്ന് മാറിനിൽക്കാൻ സ്റ്റുപ്നിക്കോവ് ശ്രമിച്ചു. അധികം വൈകാതെ, അദ്ദേഹം കൈമാറിയ ലക്ഷ്യസ്ഥാനങ്ങളിൽ യുക്രെയ്ൻ മിസൈലുകൾ പതിച്ചു.
ആക്രമണത്തിൽ കേണൽ ഗുസെയ്ൻ മുസായേവ് ഉൾപ്പെടെ 68 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. യുക്രെയ്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കിയിരുന്ന വ്യക്തിയായിരുന്നു മുസായേവ്. ആക്രമണത്തിൽ 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനുശേഷം യുക്രെയ്ൻ ബന്ധപ്പെടുന്നയാൾ സ്റ്റുപ്നിക്കോവിന് സന്ദേശമയച്ചു: “സ്ഫോടനങ്ങൾ ഉണ്ടായോ? ഒരു ഫോട്ടോ അയക്കൂ.”“അവിടെ മാംസം മാത്രമേയുള്ളൂ,” എന്നായിരുന്നു സ്റ്റുപ്നിക്കോവിന്റെ മറുപടി.

യുക്രെയ്നിന് വിവരങ്ങൾ കൈമാറാൻ തയ്യാറുള്ള റഷ്യൻ പൗരന്മാരെ ഉപയോഗിച്ചുള്ള വിപുലമായ രഹസ്യാന്വേഷണ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു സ്റ്റുപ്നിക്കോവിന്റെ ഇടപെടലുകളെന്നും റിപ്പോർട്ടിൽ പറയുന്നു. സൈനികർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വഴി യുക്രെയ്ൻ ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെതിരെ സമ്പൂർണ അധിനിവേശം ആരംഭിച്ചതോടെയാണ് സ്വന്തം സൈന്യത്തിനെതിരെ പ്രവർത്തിക്കാനുള്ള സ്റ്റുപ്നിക്കോവിന്റെ തീരുമാനം ശക്തമായത്. യുക്രെയ്ൻ നഗരങ്ങൾക്ക് മുകളിലൂടെ റഷ്യൻ ഹെലികോപ്റ്ററുകൾ പറക്കുന്നതും ബോംബുകൾ പതിക്കുന്നതുമായ ദൃശ്യങ്ങൾ കണ്ടാണ് അദ്ദേഹം അധിനിവേശത്തെക്കുറിച്ച് അറിഞ്ഞത്. ആ ദൃശ്യങ്ങൾ തന്നെ ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
“നിരപരാധികളായ സാധാരണക്കാർക്ക് നേരെയാണ് അവർ ബോംബുകൾ വർഷിച്ചത്. അത് തിന്മയായിരുന്നു,” സ്റ്റുപ്നിക്കോവ് പറഞ്ഞു.
യുദ്ധം തുടരുന്നതിനിടെ സഹസൈനികർക്ക് സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീട്ടിൽ ഭാര്യ ലിസയ്‌ക്കൊപ്പം റഷ്യൻ പ്രതിപക്ഷ നേതാക്കളുടെ വീഡിയോകളും യുക്രെയ്നിന്റെ പിടിയിലായ റഷ്യൻ യുദ്ധത്തടവുകാരുമായുള്ള അഭിമുഖങ്ങളും അദ്ദേഹം കാണാറുണ്ടായിരുന്നു.

സൈനിക അക്കാദമിയിലും സമാനമായ നിലപാടുള്ള ചെറിയൊരു വിഭാഗം കേഡറ്റുകളുണ്ടായിരുന്നു. പരസ്പരം നോക്കുമ്പോൾ തങ്ങളുടെ നിലപാടുകൾ മനസ്സിലാക്കുന്നുവെന്ന സൂചനകൾ അവർ കൈമാറി. അക്കാദമി വിട്ടുപോകാൻ ചിലർ ശ്രമിച്ചെങ്കിലും അവരുടെ അപേക്ഷകൾ മാസങ്ങളോളം പരിഗണിക്കപ്പെടാതെ കിടന്നു. “എന്റെ വികാരങ്ങൾ പുറത്തുകാണിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഉള്ളിൽ ഞാൻ തീപിടിച്ച അവസ്ഥയിലായിരുന്നു,” സ്റ്റുപ്നിക്കോവ് ഓർത്തെടുത്തു.

പുടിനെ എതിർത്തിരുന്ന സ്റ്റുപ്നിക്കോവിന്റെ അമ്മ തത്യാന യാൻസനും മകന്റെ തീരുമാനത്തിൽ നിർണായക പങ്കുവഹിച്ചു. 49കാരിയായ ഓഫീസ് ജീവനക്കാരിയായ തത്യാന പുടിൻ ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. 2024 ഫെബ്രുവരിയിൽ, മകൻ യുദ്ധമുഖത്ത് സേവനം ആരംഭിച്ച് മൂന്ന് മാസത്തിനുശേഷം, അവർ യുക്രെയ്ൻ സൈനിക ഇന്റലിജൻസുമായി അടുത്ത് പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടർ പ്രോഗ്രാമറായ ദിമിത്രോ കാർപെങ്കോയുമായി ബന്ധപ്പെട്ടു.

എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് റഷ്യൻ വിവരദാതാക്കളുടെ ശൃംഖല പ്രവർത്തിപ്പിച്ചിരുന്ന വ്യക്തിയാണ് കാർപെങ്കോ. റഷ്യൻ യുദ്ധത്തടവുകാരുമായി നടത്തിയ വീഡിയോ അഭിമുഖങ്ങൾ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. റഷ്യയിലേക്ക് മടങ്ങിയ ചില സൈനികർ പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടുകയും പണത്തിന് പകരമായി സൈനിക വിവരങ്ങൾ കൈമാറാൻ തയ്യാറാകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബറിൽ, യുക്രെയ്നിന്റെ യുദ്ധശ്രമങ്ങളെ സഹായിക്കുന്ന വിവരങ്ങൾ നൽകുന്ന റഷ്യൻ സൈനികർക്ക് 2.5 ലക്ഷം റൂബിൾസ് അഥവാ ഏകദേശം 2,700 ഡോളർ പ്രതിഫലം നൽകുമെന്ന് കാർപെങ്കോ പ്രഖ്യാപിച്ചിരുന്നു.

ഈ ശൃംഖലയിലൂടെയാണ് സ്റ്റുപ്നിക്കോവിന്റെ രക്ഷപ്പെടലിനുള്ള പദ്ധതിയും തയ്യാറാക്കിയത്. സ്റ്റുപ്നിക്കോവും കാർപെങ്കോയും യുക്രെയ്ൻ സൈനിക നിരീക്ഷകരും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി ആശയവിനിമയം നടത്തി അപകടകരമായ യുദ്ധമുഖം കടന്നുപോകാനുള്ള വഴി കണ്ടെത്തി. 2024 ജൂലൈയിൽ രാത്രിയുടെ മറവിലാണ് സ്റ്റുപ്നിക്കോവ് റഷ്യൻ സൈനിക യൂണിറ്റിൽനിന്ന് രക്ഷപ്പെട്ടത്. വടക്കുഭാഗത്തുള്ള യുക്രെയ്ൻ സൈനികരുടെ സ്ഥാനങ്ങളിലേക്കായിരുന്നു യാത്ര. ഭൂഗർഭ ബങ്കറിലിരുന്ന യുക്രെയ്ൻ സൈനികർ തത്സമയ വീഡിയോ ദൃശ്യങ്ങളിലൂടെ അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു.

പിന്നീട് പുടിൻ സർക്കാരിനെതിരെ പോരാടുന്ന റഷ്യൻ സന്നദ്ധസേനയായ റഷ്യൻ വൊളന്റിയർ കോർപ്സിൽ (ആർവിസി) സ്റ്റുപ്നിക്കോവ് ചേർന്നു. വംശീയമായി റഷ്യക്കാരായ ആളുകൾ ഉൾപ്പെട്ട ഈ സൈനിക വിഭാഗം യുക്രെയ്ൻ പക്ഷത്തുനിന്നാണ് പോരാടുന്നത്. നിലവിൽ ആശയവിനിമയ വിദഗ്ധനായാണ് സ്റ്റുപ്നിക്കോവ് സേവനമനുഷ്ഠിക്കുന്നത്.

അതേസമയം, 2025 ഫെബ്രുവരിയിൽ സ്റ്റുപ്നിക്കോവിന്റെ അമ്മയും സഹോദരിയും ഓരോ ബാക്ക്‌പാക്കും സ്യൂട്ട്‌കേസുമായി മോൾഡോവയിലേക്ക് യാത്രതിരിക്കാൻ തയ്യാറെടുത്തു. അവിടെനിന്ന് കാൽനടയായി യുക്രെയ്നിലേക്ക് കടന്ന് കാർപെങ്കോയെ കാണുകയായിരുന്നു അവരുടെ ലക്ഷ്യം.
ഇതിനിടെ, മകൻ ജീവനോടെയുണ്ടെങ്കിൽ കീഴടങ്ങാൻ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ സൈനിക ഉദ്യോഗസ്ഥർ തത്യാനയെ മാസങ്ങളോളം ഫോണിൽ ബന്ധപ്പെട്ടിരുന്നു. മകനെ കണ്ടെത്താൻ കഴിയാത്തതിൽ വിഷമിക്കുന്ന അമ്മയായി അഭിനയിച്ച അവർ, മകനെ കണ്ടെത്തേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് ആവർത്തിച്ചു.

ഒരു വർഷത്തിനുശേഷം, കാർപെങ്കോയുമായി നടത്തിയ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ അഭിമുഖത്തിലൂടെ സ്റ്റുപ്നിക്കോവ് തന്റെ അനുഭവങ്ങൾ വിശദീകരിച്ചു. റഷ്യൻ സൈന്യത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ കൂറുമാറ്റവും യുക്രെയ്ന് കൈമാറിയ രഹസ്യവിവരങ്ങളും ഇതോടെ വീണ്ടും ചർച്ചയായി. എന്നാൽ, താൻ ചെയ്തത് സൈനിക അക്കാദമിയിൽവെച്ച് വർഷങ്ങൾക്കുമുമ്പ് എടുത്ത പ്രതിജ്ഞയ്ക്ക് വിരുദ്ധമായിരുന്നില്ലെന്നാണ് സ്റ്റുപ്നിക്കോവിന്റെ വാദം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനാ ക്രമവും സംരക്ഷിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തത്. പുടിന്റെ അധിനിവേശം ഈ മൂന്നു തത്വങ്ങളെയും തകർത്തുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. “ഞാൻ എന്റെ പ്രതിജ്ഞ ലംഘിച്ചോ? സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനാ ക്രമവും സംരക്ഷിക്കുമെന്നാണ് ഞാൻ പ്രതിജ്ഞയെടുത്തത്. എന്നാൽ പുടിൻ ഇവ മൂന്നും തകർത്തു,” സ്റ്റുപ്നിക്കോവ് പറഞ്ഞു.

BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026
BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026
BREAKING NEWS
വെറുതെ മോഹിപ്പിച്ചു, വീണ്ടും ചാഞ്ചാട്ടം; സ്വർണവിലയിൽ ചെറിയ കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026