ഉത്തർപ്രദേശ്; മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തി പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യ രവിതയ്ക്കും കാമുകൻ അമർദീപിനും വധശിക്ഷ വിധിച്ച് കോടതി. ഭർത്താവ് അമിത് കശ്യപിനെ കൊലപ്പെടുത്തിയ കേസിലാണ് വെള്ളിയാഴ്ച കോടതി ശിക്ഷ പ്രഖ്യാപിച്ചത്. അതേസമയം കൊലപാതകം നടന്ന് 547 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നത്. ഉത്തർപ്രദേശിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
മൂന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് രവിത
ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് വീഡിയോ കോൺഫറൻസിങ് വഴി പ്രതികളുടെ വാദം കോടതി കേട്ടു. ശിക്ഷയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. തന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നായിരുന്നു രവിതയുടെ അപേക്ഷ. കൂടാതെ പ്രായമായ മാതാപിതാക്കളെ നോക്കാൻ മറ്റാരുമില്ലെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അമർദീപും കോടതിയോട് അഭ്യർഥിച്ചു. ഇതിനിടെ കോടതി നടപടികൾക്കിടെ ഇരുവരും പൊട്ടിക്കരഞ്ഞു.
അഡീഷണൽ ജില്ലാ ഗവൺമെന്റ് അഭിഭാഷക ഫർസാന മഖ്സൂദാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ഓംകാർ സിങ് ഭാട്ടി പ്രതികൾക്കായി വാദിച്ചു. കൊല്ലപ്പെട്ട അമിത് കശ്യപിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകനും വാദങ്ങൾ അവതരിപ്പിച്ചു. ഏകദേശം 30 മിനിറ്റ് നീണ്ട വാദം കേട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
അതേസമയം 2025 ഏപ്രിൽ 12-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീററ്റിലെ ബഹ്സുമ പ്രദേശത്തുള്ള അക്ബർപൂർ സാദത്ത് ഗ്രാമത്തിലെ വീട്ടിൽവെച്ച് രവിതയും അമർദീപും ചേർന്ന് അമിത് കശ്യപിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരുവരും ചേർന്ന് അമിതിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം പാമ്പുകടിയേറ്റുണ്ടായതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനായി അമിത് കിടന്നിരുന്ന കിടക്കയിൽ പാമ്പിനെ വിട്ടതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ അമിത് മരിച്ചത് കഴുത്തുഞെരിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ പാമ്പുകടിയേറ്റുള്ള മരണമെന്ന പ്രതികളുടെ വാദത്തിന് തിരിച്ചടിയായി.
ഫോൺ രേഖകളിൽ നിർണായക തെളിവ്
അന്വേഷണത്തിന്റെ ഭാഗമായി രവിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് രവിതയെയും അമർദീപിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മാത്രമല്ല കൊലപാതകം നടന്ന ദിവസം ഇരുവരും തമ്മിൽ 50-ലധികം തവണ ഫോണിൽ സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരുടെയും കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ ഫോൺ രേഖകൾ നിർണായകമായെന്ന് അന്വേഷണവിവരങ്ങൾ വ്യക്തമാക്കുന്നു. കൊലപാതകം നടന്ന് 60 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കിടെ 12-ലധികം സാക്ഷികളെയും കോടതി വിസ്തരിച്ചു. ഒക്ടോബർ ഏഴിനാണ് രവിതയും അമർദീപും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച ഇരുവർക്കും വധശിക്ഷ വിധിക്കുകയായിരുന്നു.
‘ബ്ലൂ ഡ്രം’ കൊലക്കേസിലും വധശിക്ഷ
മീററ്റിലെ മറ്റൊരു ശ്രദ്ധേയമായ കൊലപാതകക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പുതിയ വിധിയും പുറത്തുവന്നത്. സൗരഭ് കൊലക്കേസ് എന്നറിയപ്പെടുന്ന ‘ബ്ലൂ ഡ്രം’ കേസിൽ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും ഒക്ടോബർ 14-ന് മീററ്റ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഏറ്റവും പുതിയ വിധിയോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മീററ്റ് കോടതി നാല് പ്രതികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.