കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചു. അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം.
പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ കേസിൽ വിജിലൻസ് അന്വേഷണം മുന്നോട്ടുപോകുകയാണ്.
ഇ.ഡി നോട്ടിസ് കൂടി വന്നതോടെ സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യമാണ് പിണറായി വിജയനുള്ളത്.
അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നാണ് സുപ്രീംകോടതി നൽകിയ സൂചന. കേസ് ഒക്ടോബർ 26-നോ 27-നോ പരിഗണിച്ചേക്കും.