കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ കെപിസിസിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. സംഭവത്തോടെ പാർട്ടി നേതൃത്വം വീണ്ടും പ്രതിരോധത്തിലായി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള പ്രതിഷേധമായിരുന്നു കുറിപ്പിൽ പ്രകടിപ്പിച്ചത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന പരാമർശവും പോസ്റ്റിലുണ്ടായിരുന്നു.
വിവാദമായതോടെ പോസ്റ്റ് ഉടൻ പിൻവലിച്ചു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിശദീകരിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായും പോസ്റ്റ് വന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കെപിസിസി ആലോചിക്കുന്നുണ്ട്. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകൾ മുൻകൂട്ടി പരിശോധിക്കാനും വ്യക്തമായ മാർഗനിർദേശങ്ങൾ ഏർപ്പെടുത്താനുമുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.
ഡിജിറ്റൽ സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ ഏപ്രിലിൽ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. നിലവിൽ സെല്ലിന്റെ തലപ്പത്ത് ആളില്ലാത്ത സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പ്രതിസന്ധിയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
മുൻപും വിവാദമായ സമൂഹമാധ്യമ പോസ്റ്റുകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ വരുന്ന കുറിപ്പുകൾക്ക് കൃത്യമായ പരിശോധനാ സംവിധാനം വേണമെന്ന ആവശ്യവും ശക്തമാണ്. സുപ്രീം കോടതി നോട്ടീസിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പ്രചാരണത്തിന്റെ നിയന്ത്രണവും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ കൂടുതൽ സജീവമാകുകയാണ്.