കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ പ്രതികൾ ധരിച്ചിരുന്ന മുഖം മറയ്ക്കുന്ന മാസ്ക് ഊരിവെപ്പിച്ച് കോടതി. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികളുടെ ഭാഗമായ സാക്ഷി വിസ്താരത്തിന് എത്തിയപ്പോഴായിരുന്നു പ്രതികൾ മാസ്ക് അടക്കം ധരിച്ച് സാക്ഷികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം കോടതി മുറിക്കുള്ളിൽ പ്രവേശിച്ചത്. ഇതോടെ മാസ്ക് മാറ്റാൻ കോടതി നിർദേശിച്ചു.
സാക്ഷി തിരിച്ചറിഞ്ഞ പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ 16 പേരുടെ വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വിചാരണ നാലു മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
അതേസമയം അഭിമന്യു കൊല്ലപ്പെട്ട് എട്ടു വർഷങ്ങൾക്കു ശേഷമാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. തുടക്കത്തിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യവും മാധ്യമങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞിരുന്നു.
വിചാരണയുടെ ആദ്യ ദിനമായ ഇന്ന്, വെളുത്ത മുണ്ടും ഹാഫ് സ്ലീവുള്ള വെളുത്ത ഷർട്ടും കറുത്ത ഷൂവും മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള മാസ്കും കറുത്ത തൊപ്പിയും ധരിച്ചാണ് പ്രതികൾ എത്തിയത്. എന്നാൽ പ്രതികളുടെ മാസ്ക് കോടതി അഴിപ്പിക്കുകയും കോടതിക്കുള്ളിൽ മാസ്ക് അനുവദിക്കില്ലെന്ന് നിർദേശം നൽകുകയും ചെയ്തു.
പ്രതികളെല്ലാം ഒരേപോലെ തലമുടി വെട്ടിയും ഷേവ് ചെയ്തുമാണ് എത്തിയത്. അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് വിവരങ്ങൾ നൽകിയ സഹപാഠിയാണ് ഇന്ന് കോടതിയിൽ സാക്ഷിയായി എത്തിയത്. മുൻപ് പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷി, ഇന്ന് കോടതിയിൽ എത്തിയ പ്രതികളിൽ രൂപമാറ്റം കാരണം മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കി.
പ്രധാന വിസ്താരത്തിന് ശേഷം ഈ സാക്ഷിയ ഉൾപ്പെടെ എല്ലാ സാക്ഷികളെയും ഒരുമിച്ച് എതിർ വിസ്താരം ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും അഭിമന്യുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഈ ആവശ്യത്തെ എതിർത്തു. പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും സ്വാധീനിക്കാനും ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് വിചാരണയുടെ തുടർന്നുള്ള ദിവസങ്ങളിലും എതിർവിസ്താരം നടത്തുമ്പോഴും പ്രതികൾ ഇന്നു വന്നതിന് വിരുദ്ധമായ രൂപത്തിൽ വന്നാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. നാളെയും സാക്ഷി വിസ്താരം തുടരും. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജും അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി അഡ്വ. കെ.എസ്.അരുൺ കുമാറും പ്രതികൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.