കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ പിണറായിക്ക് തിരിച്ചടി. വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളി. എഫ്ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം.
വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്.
അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആർഎൽ– എക്സാലോജിക് പണമിടപാടിലും മരുമകൻ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലൻസ് 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പിണറായി ഹർജി നൽകിയത്. 2 കേസിലും പിണറായിയുടെ മകൾ ടി. വീണ രണ്ടാം പ്രതിയാണ്. അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചനയുമാണു ചുമത്തിയത്.