ജയ്പുർ: മകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് 58കാരനായ പിതാവിനെ പ്രതികൾ കൊലപ്പെടുത്തി മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയതാണെന്ന് പരാതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മകളെ കൂട്ടബലാത്സംഗം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം ആത്മഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, മരിച്ചയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജയ്പുരിലെ കൽവാർ മേഖലയിൽ ജൂണിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതി. യുവതിയെ തട്ടിക്കൊണ്ടുപോയ ഒരാൾ മറ്റ് മൂന്ന് കൂട്ടാളികളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നാണ് ആരോപണം. രണ്ട് ദിവസത്തിന് ശേഷം യുവതി തിരിച്ചെത്തിയതോടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നാലുപേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് പിൻവലിച്ചില്ലെങ്കിൽ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ജൂലൈയിൽ വീടിന് സമീപം 58കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നു.
തന്റെ ഭർത്താവിനെ നാലുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ അഞ്ചിന് ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയതായി സർക്കിൾ ഇൻസ്പെക്ടർ ദിലീപ് സിങ് പറഞ്ഞു. സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അടുത്ത ദിവസം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയുടെ പരാതിയിൽ ഇപ്പോൾ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരായ ആരോപണങ്ങളും സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതികളുടെ പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.