മുംബൈ: ഭാര്യയുടെ മരണത്തിനു പിന്നാലെ വീണ്ടും വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെ എതിർത്ത 20കാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈയിലെ വഡാല മേഖലയിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ഷെരീഫ് റസാ ഹുസൈൻ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മക്കൾക്കായി കൊണ്ടുവന്ന ബിരിയാണിയിൽ വിഷം കലർത്തിയശേഷം മൂത്ത മകൾ റിഫാത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം.
ഒക്ടോബർ മൂന്നിനാണ് സംഭവം പുറത്തറിയുന്നത്. മകൾ അബോധാവസ്ഥയിലാണെന്ന് അറിയിച്ച് ഖാൻ റിഫാത്തിനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പരിശോധനയ്ക്കുശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയാകാമെന്നായിരുന്നു സംശയം. എന്നാൽ റിഫാത്തിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹതയേറി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
വഡാല ഈസ്റ്റിലെ ഷെയ്ഖ് മിസ്ത്രി ദർഗ റോഡിന് സമീപമുള്ള മഡോണ കോളനിയിലാണ് ഖാൻ താമസിച്ചിരുന്നത്. മരപ്പണിക്കാരനായ ഇയാളുടെ ഭാര്യ 2025 നവംബറിൽ കാൻസർ ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് വീണ്ടും വിവാഹം കഴിക്കാൻ ഖാൻ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ മക്കളായ റിഫാത്തും 16കാരിയായ നുസ്ഹത്തും പിതാവിന്റെ തീരുമാനത്തെ എതിർത്തു. ഇതിനെച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. പുനർവിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ഒക്ടോബർ രണ്ടിന് ഖാൻ ഇരുവർക്കുമായി ബിരിയാണി കൊണ്ടുവന്നതായാണ് പോലീസിന്റെ വിശദീകരണം. ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നുവെന്നാണ് സംശയം. ഭക്ഷണം കഴിച്ചശേഷം റിഫാത്തും നുസ്ഹത്തും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയി. പിന്നീട് അന്തരീക്ഷത്തിലെ ഈർപ്പം കാരണം അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് നുസ്ഹത്ത് അമ്മായിയുടെ വീട്ടിലേക്ക് പോയി. നുസ്ഹത്ത് അവിടെത്തന്നെ തുടർന്നിരുന്നെങ്കിൽ അവൾക്കും അപകടം സംഭവിക്കുമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
ഒക്ടോബർ മൂന്നിന് പുലർച്ചെ അഞ്ചുമണിയോടെ ഖാൻ ബന്ധുവിന്റെ വീട്ടിലെത്തി റിഫാത്ത് അബോധാവസ്ഥയിലാണെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾ റിഫാത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാകാമെന്ന സംശയത്തിലായിരുന്നു അന്വേഷണം. എന്നാൽ റിഫാത്തിന്റെ കഴുത്തിലെ പാടുകളും ഖാന്റെ പെരുമാറ്റത്തിലെ ചില അസ്വാഭാവികതകളും സംശയത്തിനിടയാക്കി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിൽ വഡാല പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










































