വാഷിങ്ടൺ: യെമനിലെ ഹൂതികൾക്കെതിരേ സൗദി അറേബ്യ നടത്തുന്ന സൈനികനടപടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദിക്കൊപ്പം ആക്രമണത്തിൽ പങ്കാളിയാകുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സംഘർഷത്തിൽ നേരിട്ട് സൈനികമായി ഇടപെടുന്നതിൽനിന്ന് ഇതുവരെ വിട്ടുനിന്നിരുന്ന അമേരിക്കയുടെ നിലപാടിലെ മാറ്റസാധ്യതയാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്.
ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾക്കായുള്ള മൂന്നും നാലും ടെർമിനലുകൾ ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെയാണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് റിയാദിലേക്കുള്ള ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്ത് എയർവേസ് സർവീസുകളും റദ്ദാക്കി. സംഭവത്തിൽ ഹൂതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നതിനിടെ സൗദി അറേബ്യയ്ക്കുനേരെ തുടർച്ചയായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിമാനത്താവളങ്ങൾ, സൈനികകേന്ദ്രങ്ങൾ, എണ്ണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചതോടെ അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ സൗദി തേടിയിട്ടുണ്ട്.
വെള്ളിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സൗദിയ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ മൂന്ന് യാത്രാവിമാനങ്ങൾ തകർന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി ഇല്ലാതാക്കുമെന്ന് സഖ്യസേന വ്യക്തമാക്കി. ബാബുൽ മൻദിബിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടു.
സൗദിക്കെതിരായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്ക സൈനികമായി ഇടപെടുമോയെന്നതാണ് ഇനി നിർണായകം. ട്രംപ് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അമേരിക്കയുടെ അടുത്ത നീക്കം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.




