കൊച്ചി: കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. എംഎ കോളേജ് വിദ്യാർഥി, തിരുവനന്തപുരം കല്ലറ പള്ളിമുക്ക്, മൈലോട്ട് കൊണോത്ത് പുത്തൻവീട്ടിൽ ആയേഷ് (20) ആണ് മരിച്ചത്. മൂന്നാം വർഷ ബിടെക് (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിങ്) വിദ്യാർഥിയാണ്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചില വ്യക്തപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഓഗസ്റ്റ് 15ന് ഇതേ കോളേജിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യർഥിയായിരുന്നു മരിച്ചത്. ഇയർ ഔട്ട് ആകുമെന്ന പേടിയെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കോളേജിൽ വിദ്യാർഥി പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു.




