നാഷ്വിൽ (ടെന്നസി): വധശിക്ഷ നടപ്പാക്കുന്നതിനിടെ വിഷമരുന്ന് കുത്തിവെച്ചത് പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന്റെ ആരോഗ്യനിലയിൽ അപ്രതീക്ഷിത പുരോഗതി. ആശുപത്രി മുറിക്കുള്ളിൽ നടക്കാനും സംസാരിക്കാനും തുടങ്ങിയതായി ക്രിസ്റ്റയുടെ അഭിഭാഷകർ അറിയിച്ചു. വധശിക്ഷാ ശ്രമത്തിന് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നെങ്കിലും പിന്നീട് ബോധവും സംസാരശേഷിയും വീണ്ടെടുത്തത് വൈദ്യസംഘത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് ക്രിസ്റ്റ ‘ബ്രെയിൻ ഡെഡ്’ അവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ചൊവ്വാഴ്ചയോടെ അവർ സംസാരിക്കാൻ തുടങ്ങി. നിലവിൽ ആശുപത്രി മുറിക്കുള്ളിൽ നടക്കാൻ കഴിയുന്നുണ്ട്. അതേസമയം കൈകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂമോണിയയും രക്തം കട്ടപിടിക്കുന്നതുമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും തുടരുകയാണ്. ഗുരുതരാവസ്ഥയിലും ക്രിസ്റ്റയെ ആശുപത്രി കിടക്കയിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണ്.
ഓർമക്കുറവും പെട്ടെന്ന് ചിന്തകൾ നഷ്ടപ്പെടുന്ന അവസ്ഥയും ഇപ്പോഴും തുടരുന്നുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. ക്രിസ്റ്റയ്ക്ക് അടിയന്തരമായി മാനസിക പിന്തുണയും പരിചരണവും ആവശ്യമാണെന്നും അഭിഭാഷകസംഘം ആവശ്യപ്പെട്ടു.
സെപ്റ്റംത്ബർ 30നാണ് കൊലപാതകക്കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനായി ക്രിസ്റ്റ പൈക്കിന് പെന്റോബാർബിറ്റലിന്റെ രണ്ട് ഡോസുകൾ കുത്തിവെച്ച. എന്നാൽ മരുന്ന് പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാതെ വന്നതോടെ ക്രിസ്റ്റ അബോധാവസ്ഥയിലായി. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മരുന്ന് കുത്തിവെക്കുന്നതിനിടെ കൈകളിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്നതായി ക്രിസ്റ്റ നിലവിളിച്ചിരുന്നതായി അഭിഭാഷകർ പറഞ്ഞു. ഇടതുകൈയിൽ ഏഴോളം സൂചികൾ കുത്തിയതായും ഇതിൽ ഒരെണ്ണം വളഞ്ഞ നിലയിലായിരുന്നുവെന്നും അഭിഭാഷകർ വെളിപ്പെടുത്തി. സംഭവം വലിയ വിവാദമായതോടെ ടെന്നസി ഗവർണർ ബിൽ ലീ ഈ വർഷം നടപ്പാക്കാനിരുന്ന മറ്റ് എല്ലാ വധശിക്ഷകളും നിർത്തിവെക്കുകയും സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
1995ൽ, 18-ാം വയസ്സിലാണ് 19കാരിയായ സഹപാഠി കൊളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിൽ ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ 30 വർഷമായി ഇവർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്നു.




