കാക്കനാട്: മന്ത്രിയെത്തുന്നതിന് തൊട്ടുമുമ്പ് ഉദ്ഘാടന വേദിക്ക് സമീപം ഭീമൻ ഉടുമ്പിനെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. കാക്കനാട്ട് ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായാണ് വേദിക്ക് സമീപം ഉടുമ്പിനെ കണ്ടെത്തിയത്. ചടങ്ങിൽ മന്ത്രി ടി. സിദ്ദീഖ് പങ്കെടുക്കാനിരിക്കെയായിരുന്നു സംഭവം.
ചടങ്ങിനായി വേദിയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് വലിയ ഉടുമ്പിനെ കണ്ടത്. ഉടൻതന്നെ വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു. എന്നാൽ, ഉടുമ്പായതിനാൽ പിടികൂടുന്നതിൽ ഇവർ ഇടപെടാൻ മടിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഉടുമ്പ് തനിയെ സമീപത്തെ കാട്ടിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, ഉടുമ്പ് മന്ത്രിയുടെ വേദിക്ക് സമീപമെത്തിയാൽ ബുദ്ധിമുട്ടുണ്ടാകുമെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സീനിയർ ഫോറസ്റ്റ് ഓഫിസർ സുനിത് പി. നായരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടുമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് കോടനാട്ടെ വനപ്രദേശത്ത് ഉടുമ്പിനെ തുറന്നുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു.






