ലഖ്‌നൗ: സൈനികനായ അച്ഛന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ച് മകനടക്കം നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഞായറാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. സൈനിക ഉദ്യോഗസ്ഥൻ സുബേദാർ മേജർ സത്യവാൻ സിങ്ങിന്റെ മൃതദേഹവുമായി ഹരിയാനയിലെ പഞ്ച്കുളയിൽനിന്ന് ദേവ്റിയയിലെ ഗഹില ദുധൈല്ല ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
സത്യവാൻ സിങ്ങിന്റെ ഏക മകൻ ഗൗരവ് സിങ് (18), സത്യവാൻ സിങ്ങിന്റെ സഹോദരൻ രാം സമുജ് സിങ് (55), അനന്തരവൻ രാജൻ സിങ് (35), ആംബുലൻസ് ഡ്രൈവർ ജസ്പാൽ എന്നിവരാണ് മരിച്ചത്. മീററ്റിലെ ആർമി ക്യാംപിൽ സേവനമനുഷ്ഠിച്ചിരുന്ന സത്യവാൻ സിങ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തുന്നതിനായി ബന്ധുക്കൾ ഹരിയാനയിലെത്തിയിരുന്നു.
സത്യവാൻ സിങ്ങിന് രണ്ട് വലിയ സ്വപ്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ ഗൗരവ് ഡോക്ടറാകണമെന്നും മകൾ ദീക്ഷ എൻജിനീയറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നീറ്റ് പരീക്ഷയിൽ ഒരിക്കൽ പരാജയപ്പെട്ടെങ്കിലും ഗൗരവ് വീണ്ടും പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഗൗരവും മരിച്ചതോടെ കുടുംബത്തിന്റെ ആ സ്വപ്നങ്ങളും തകർന്നു.
അയോധ്യ- സുൽത്താൻപൂർ അതിർത്തിക്ക് സമീപം ഹലിയാപൂരിൽ വച്ചാണ് അപകടമുണ്ടായത്. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലെ 79.6-ാം കിലോമീറ്റർ ഭാഗത്തായിരുന്നു അപകടം. പഞ്ച്കുളയിൽനിന്ന് ദേവ്റിയ ജില്ലയിലെ റുദ്രപുർ മേഖലയിലെ കുടുംബവീട്ടിലേക്കുള്ള യാത്രയ്ക്കിടെ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ആംബുലൻസ് ഇടിക്കുകയായിരുന്നു.
ആംബുലൻസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്ന്പൊോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവറും മുൻഭാഗത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും വാഹനത്തിനുള്ളിൽ കുടുങ്ങി. പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ചുനീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ആംബുലൻസിന്റെ പിൻഭാഗത്തിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സത്യവാൻ സിങ് ചണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പഞ്ച്കുളയിൽ ചികിത്സയ്ക്കിടെയാണ് അദ്ദേഹം മരിച്ചത്. തുടർന്ന് മൃതദേഹം ദേവ്റിയയിലെ കുടുംബവീട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ ഹരിയാനയിലേക്ക് പോയി. അപകടത്തിന് പിന്നാലെ സത്യവാൻ സിങ്ങിന്റെ മൃതദേഹം ഹലിയാപൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മറ്റ് നാല് മൃതദേഹങ്ങളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
കുടുംബാംഗങ്ങൾ ഒന്നിലധികം വാഹനങ്ങളിലായാണ് യാത്ര ചെയ്തിരുന്നതെന്ന് ബന്ധുവായ ദരോഗ സിങ് പറഞ്ഞു. ദേവ്റിയയിലേക്കുള്ള യാത്ര വേഗത്തിൽ പൂർത്തിയാക്കാമെന്ന കരുതലിലാണ് ആംബുലൻസ് ഡ്രൈവർ പൂർവാഞ്ചൽ എക്സ്പ്രസ് വേ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കൾ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനം അപകടത്തിൽപ്പെടാതെ സുരക്ഷിതമായി മുന്നിലെത്തിയിരുന്നു.
അപകടമേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രജീത് സിങ് അറിയിച്ചു. ഡയൽ 112 വഴിയാണ് അപകടവിവരം പോലീസിന് ലഭിച്ചതെന്നും തുടർന്ന് നിയമനടപടികൾ ആരംഭിച്ചതായും സുൽത്താൻപൂർ പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.




