സൂറത്ത്: കാമുകി സംസാരിക്കാതിരുന്നതിലുള്ള വിരോധത്തെ തുടർന്ന് യുവതിയുടെ പിതാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന കേസിൽ യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബിൽഡർ മുകേഷ് നഹതയുടെ മകൻ റിഷഭ് നഹതയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
ഒക്ടോബർ ഒന്നിന് റിഷഭ് നഹത രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വ്യവസായിയുടെ വീട്ടിലെത്തിയത്. എന്നാൽ ആ സമയം വ്യവസായിയുടെ മകൾ വീട്ടിലുണ്ടായിരുന്നില്ല. മകളുമായി സംസാരിക്കാൻ കഴിയാത്തതിനെക്കുറിച്ച് റിഷഭ് പിതാവിനോട് ചോദിച്ചതോടെയാണ് തർക്കമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് റിഷഭും സുഹൃത്തുക്കളും ചേർന്ന് വ്യവസായിയെ തോക്കുചൂണ്ടി ബലമായി കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ സിറ്റി ലൈറ്റ് മേഖലയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിൽ പ്രതികളെ പിടികൂടുകയും വ്യവസായിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് റിഷഭും വ്യവസായിയുടെ മകളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. പിന്നീട് യുവതി റിഷഭുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഇയാളുമായുള്ള ആശയവിനിമയം നിർത്തുകയും ചെയ്തിരുന്നു. ഇതിൽ റിഷഭ് അസ്വസ്ഥനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ചോദ്യം ചെയ്യലിൽ റിഷഭ് മറ്റൊരു കാരണവും പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്റെ മറ്റൊരു വനിതാ സുഹൃത്തിനെ വ്യവസായിയുടെ മകൾ ഫോണിലൂടെ അധിക്ഷേപിച്ചുവെന്നാണ് റിഷഭിന്റെ ആരോപണം. ഇതേക്കുറിച്ച് വ്യക്തത തേടാനാണ് കുടുംബത്തിന്റെ വീട്ടിലെത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ യുവതി വീട്ടിലില്ലാത്തതിനാൽ പിതാവിനോട് സംസാരിക്കുകയായിരുന്നു എന്നാണ് റിഷഭിന്റെ മൊഴി. തുടർന്ന് ഉണ്ടായ തർക്കമാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




