ടെൽ അവീവ്: ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയിൽ ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ചത് വിമാനത്തിന്റെ കോക്ക്പിറ്റിൽ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിക്കാറുള്ള ‘ക്രാഷ് ആക്സ്’ (Crash axe) അല്ലെങ്കിൽ ഫയർ ആക്സ് ഉപയോഗിച്ച്. സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ചെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആക്രമണത്തിന് ക്രാഷ് ആക്സാണ് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് എല്ലാ വാണിജ്യ വിമാനങ്ങളുടെയും നിർമാണവേളയിൽതന്നെ നിർബന്ധമായും കോക്ക്പിറ്റിൽ ക്രാഷ് ആക്സ് ഘടിപ്പിക്കാറുണ്ട്. വിമാനാപകടങ്ങൾക്കുശേഷം അടിയന്തര ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകളായി ഇത്തരം കോടാലികൾ വിമാനങ്ങളിൽ സൂക്ഷിച്ചുപോരുന്നത്. മുമ്പ് വിമാനങ്ങളുടെ പ്രധാന ക്യാബിനുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെങ്കിലും, 25 വർഷം മുമ്പ് അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷമാണ് ഇവ കോക്ക്പിറ്റിലേക്ക് മാറ്റിയത്. നിലവിൽ പൈലറ്റുമാർക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിലാണ് ഇവ കോക്ക്പിറ്റിനുള്ളിൽ ഇവ സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം ദുബായിൽനിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലൈറ്റ്‌റേഡാർ 24 നൽകുന്ന വിവരങ്ങൾ അനുസരിച്ച്, വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടിയിൽനിന്ന് 17,000 അടിയിലേക്ക് (ഏകദേശം 10,000 മീറ്ററിൽനിന്ന് 5,100 മീറ്ററിലേക്ക്) അപകടകരമായി താഴേക്ക് പതിച്ചു. തുടർന്ന് ജോർദാൻ അതിർത്തിക്ക് സമീപം അനിയന്ത്രിതമായി വട്ടമിട്ട് പറന്ന വിമാനം, ഒരു മണിക്കൂറിനുശേഷം സൗദി നഗരമായ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
നിലവിൽ ആക്രമണം നടത്തിയ ഒമാനി കോ-പൈലറ്റിന്റെ പേരുവിവരങ്ങളോ, ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇയാളെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചതല്ലാതെ സൗദി, യു.എ.ഇ അധികൃതർ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. അതുപോലെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചു.





