കൊഴിഞ്ഞാമ്പാറ; മേനോൻപാറ കൂരാങ്കാട്ടിൽ നിവേദ്യ മക്കളെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പോലീസ്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരാണ് കഴിഞ്ഞ ദിവസം അമ്മയുടെ സ്വാർത്ഥതയിൽ കൊല്ലപ്പെട്ടത്. നിവേദ്യയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ക്രൂരതയറിയാതെ കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിക്കുകയായിരുന്ന മക്കളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. അഞ്ചുവയസുകാരി മകൾ ജെനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി. പിന്നാലെ സമീപത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരൻ മകൻ റോബിൻ ക്രിസ്റ്റിഫറിനെ വെള്ളത്തിലേക്ക് എടുത്തിട്ടു മുതുകിൽ പിടിച്ചു താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിവേദ്യയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു. കുട്ടികൾ മരിക്കുന്ന സമയത്ത് ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണു വെള്ളമുണ്ടായിരുന്നത്.
അതുപോലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മറ്റു പാടുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലാത്തതും ശ്വാസകോശത്തിൽ വെള്ളം കയറിയതുമെല്ലാമാണു മുങ്ങിമരണമാകാം എന്നുള്ള നിഗമനത്തിൽ അന്വേഷണസംഘത്തെ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ നിവേദ്യയെ റിമാൻഡ് ചെയ്തു. സ്വതന്ത്രമായ ജീവിതത്തിനും മോഡലിങ് പഠിക്കണമെന്ന ആഗ്രഹത്തിനും കുട്ടികൾ തടസ്സമായതിനാൽ കൊന്നതാണെന്നാണ് അമ്മ കുറ്റസമ്മതം നടത്തിയത്.




