തൊടുപുഴ: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ അമ്മ കുറ്റവാളിയെന്ന് കോടതിയുടെ കണ്ടെത്തൽ. പിന്നാലെ ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടം അഡീഷനൽ സെഷൻസ് ജഡ്ജ് ആശ് കെ. ബാൽ ആണ് വിധി പ്രസ്താവിച്ചത്. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മ എന്നു വിളിക്കുന്ന റോസ് മേരി (47) കുറ്റകൃത്യം ചെയ്തതായി കോടതി കണ്ടെത്തി.
അതേസമയം 2014 മേയ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിക്കരവയലിലെ റോസ് മേരിയുടെ വീട്ടിലെ പശുത്തൊഴുത്തിന്റെ മുകളിൽ നിന്നാണ് നാട്ടുകാർ നവജാത ശിശുവിന്റെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആടിനെ മാറ്റിക്കെട്ടാൻ തൊഴുത്തിനടുത്തെത്തിയ അയൽവാസിയായ പതിനാലുകാരനാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടി ഉടനെ അയൽവാസികൂടിയായ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു.
തുടർന്ന് കുഞ്ഞിനെ മറയൂർ ഗവ.ആശുപത്രിയിലും തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെയാണ് പോലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചതിനു ശേഷം കുഞ്ഞിനെ റോസ് മേരി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.എസ്. രാജേഷ് ഹാജരായി.





