ലക്നൗ: അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ തന്റെ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് കാട്ടി ഇന്ദ്രദേവനെതിരെ പരാതി നല്‍കി യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ നെവാഡ പരസ് സ്വദേശി സൂരജ് തിവാരിയാണ് പരാതി നല്‍കിയത്. സംസ്ഥാനത്തിന്റെ പൊതു പരാതി പരിഹാര പോര്‍ട്ടല്‍ വഴിയാണ് പരാതി നല്‍കിയത്. മണിക്കൂറുകളായി ജില്ലയില്‍ ‘ഇന്ദ്രദേവ്’ കനത്ത മഴ പെയ്യിക്കുന്നു, ഇത് പൊതുജനങ്ങളെ അനാവശ്യമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു, മഴ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരുടെ ‘ദൈവിക ബന്ധങ്ങള്‍’ ഉപയോഗിക്കണമെന്നും അദ്ദേഹം പരാതിപ്പെട്ടു.
കനത്തമഴയില്‍ റോഡുകളും തെരുവുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കര്‍ഷകര്‍ തങ്ങളുടെ വിളകളെക്കുറിച്ച് ആശങ്കകള്‍ നേരിടുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. അതിനാല്‍ ഒരുകാര്യവും നടക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ‘ഇന്ദ്രദേവിന്റെ മൊബൈല്‍ നമ്പര്‍ എനിക്കറിയില്ല. അതിനാല്‍, ജില്ലാ മജിസ്ട്രേട്ട് ഈ വിഷയം ഗൗരവമായി കാണണമെന്നും, അദ്ദേഹം തന്റെ ദിവ്യ ആശയവിനിമയ മാര്‍ഗത്തിലൂടെ, മഴ ഉടനടി നിയന്ത്രിക്കാനും ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ഇന്ദ്രദേവിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ തിവാരി പരാതിയില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ ഹര്‍ദോയിയിലും കനത്ത മഴയില്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി ആളപായങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി. ഏഴ് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുപ്പത് കന്നുകാലികള്‍ ചത്തു, 330 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.




