പയ്യന്നൂര്‍: മദ്രസയില്‍ നിന്നുമടങ്ങുകയായിരുന്ന രണ്ടു വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമമെന്ന് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പ് ,സീതി സാഹിബ് സ്കൂളിനു സമീപത്തെ കുണ്ടാംകുഴിയിലാണ് സംഭവം. യത്തീംഖാന മദ്രസയിലെ 11കാരിയെ ഏഴു മണിയോടെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇടവഴിയില്‍ വച്ച് ഒരാള്അതിവേഗത്തില്പിന്തുടരുകയായിരുന്നുവെന്ന് പറയുന്നു.
പെണ്‍കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. മറ്റൊരു മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ ഒന്‍പതുകാരിയെ രാവിലെ 8.30 മണിയോടെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വഴിയരുകില്‍ പതുങ്ങിയിരുന്ന ഒരാള്‍ പെട്ടെന്ന് ചാടി വീഴുകയും പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വായ പൊത്തിപ്പിടിച്ച് വലിച്ചു കൊണ്ടു പോകുവാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. ഈ സമയത്ത് ട്യൂഷന് ക്ലാസ് കഴിഞ്ഞ് അതു വഴി മടങ്ങുകയായിരുന്ന ഒരു ആണ്‍കുട്ടി ബഹളം വച്ചതോടെയാണ് അക്രമി പിന്തിരിഞ്ഞത്.
ഈ പെണ്‍കുട്ടിയും വീട്ടിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.





