ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നതായി ഇറാന്റെ അവകാശവാദം. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പോയ കപ്പൽ കടലിൽ മുങ്ങിയെന്നും രണ്ട് കപ്പലുകൾ തകർന്നെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹോർമുസിൽ കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഇറാന്റെ വിശദീകരണം. അനുമതിയില്ലാതെ കടലിടുക്കിന്റെ തെക്കൻ മേഖലയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾ മൈനിൽ തട്ടുകയായിരുന്നുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെടുന്നത്. കപ്പലുകളിൽ വലിയ തീപിടിത്തവും സ്ഫോടനവും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇതിലൊരു കപ്പലിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ കപ്പലുകളുടെ ഉടമസ്ഥത, രജിസ്ട്രേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ പുറത്തുവന്നിട്ടില്ല.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിൽ ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇറാന്റെ അനുമതിയില്ലാതെ കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ശക്തമായിരുന്നു.
അതിനിടെ, ഹോർമുസ് കടലിടുക്കിൽനിന്ന് മൈനുകൾ നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം അടുത്തിടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടിയെന്ന ഇറാന്റെ പുതിയ അവകാശവാദം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.