ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ എഐ ദൃശ്യങ്ങളാണ് സംഘർഷത്തിന് കാരണമായതെന്ന് പോലീസ്. സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റെ റോഡിനോട് ചേർന്നുള്ള ഒരു ഭാഗം നീക്കം ചെയ്യുന്നതിനിടെയാണ് സംഘർഷമുണ്ടായത്. മസ്ജിദിന്റെ ഒരു ഭാഗം മാത്രമാണ് നീക്കം ചെയ്യുന്നതെന്നും മുഴുവൻ പള്ളിയും പൊളിച്ചുനീക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഷാഹി മസ്ജിദ് പൂർണമായും പൊളിച്ചുനീക്കിയെന്ന തരത്തിലുള്ള വ്യാജ എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങൾ കണ്ട് തെറ്റിദ്ധരിച്ച ചിലർ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധവുമായി സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പോലീസിന് നേരെ കല്ലേറുണ്ടാകുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു.
സിംഹസ്ഥ കുംഭമേള 2028ന് മുന്നോടിയായി ഉജ്ജയിനിലെ റോഡുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. കാന്തൽ ചൗരാഹ മുതൽ ഗോപാൽ മന്ദിർ വരെയുള്ള റോഡ് 15 മീറ്ററായി വീതി കൂട്ടുന്നതിനായി മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനെതിരെ നേരത്തെ നിയമനടപടികളും നടന്നിരുന്നു. മധ്യപ്രദേശ് ഹൈക്കോടതി നടപടി നിയമാനുസൃതമാണെന്ന് ചൂണ്ടിക്കാട്ടി ഹർജികൾ തള്ളിയിരുന്നു.
സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. വ്യാജ എഐ ദൃശ്യം തയ്യാറാക്കിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിൽ ആസൂത്രണമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.





