കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷയിലെ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി.
ഒഡീഷയിൽനിന്ന് കിലോയ്ക്ക് 3,000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നും കേരളത്തിലെത്തിച്ച് പത്തിരട്ടി വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.
കുറച്ചുനാളുകളായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റൂറൽ ജില്ലാ ഡാൻസാഫ് ടീമിന് പുറമെ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





