കുന്ദമംഗലം: മയക്കുമരുന്ന് വിരുദ്ധ പ്രത്യേക പരിശോധനയായ ‘തൂഫാന്റെ’ ഭാഗമായി കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിൽ നാല് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി ആവിലോറ സ്വദേശികളായ അൻവർ (36), സഫ്തർ ആഷിമി (32) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ആരാമ്പ്രം അങ്ങാടിക്ക് സമീപത്തുവച്ചാണ് കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പൊലീസ് നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും വലയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും.