കൊച്ചി: ‘ഞാൻ ഇപ്പോൾ പരുന്തുംപാറയിലാണ്. എന്റെ ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’—തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ച സന്ദേശം പൊലീസിനെ ഞെട്ടിച്ചു. സന്ദേശത്തിനൊപ്പം മലയുടെ ചിത്രവും പെൺകുട്ടി അയച്ചിരുന്നു.
സന്ദേശം ലഭിച്ച ഉടൻ ആലുവ സൈബർ ക്രൈം പൊലീസ് സംഘം വിവരം കൈമാറി. ഇടുക്കി ജില്ലാ വയർലെസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പൊലീസ് സ്റ്റേഷൻ, പീരുമേട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തരമായി വിവരമറിയിച്ചു.
ആലുവ സൈബർ പൊലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ പെൺകുട്ടി മലമുകളിൽ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് വിവരം.
തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. പ്ലസ്ടുവിൽ ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് പെൺകുട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ വിവരം ലഭിച്ചതോടെ ആലുവ സൈബർ ക്രൈം പൊലീസ് സംഘത്തിനും ആശ്വാസമായി. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി.ഐ എസ്. സുധീഷ് കുമാർ, എ.എസ്.ഐ ആർ. ഡെൽജിത്ത്, സീനിയർ സി.പി.ഒ പി.കെ. ദിനേശൻ, സി.പി.ഒ സി. നിഖിൽ എന്നിവരാണ് ആലുവയിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.




