തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാജീവ് ചന്ദ്രശേഖര്‍ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് ഞങ്ങള്‍ മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ കൈവച്ച് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ പൊതുസമൂഹമോ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. രാഷ്ട്രീയത്തിന്റെ ഔന്നത്യവും സാംസ്‌കാരിക മര്യാദകളും കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയിലിരുന്ന്, അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും വിലകുറഞ്ഞ പ്രയോഗങ്ങളും നടത്തുന്നതിലൂടെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചന്ദ്രശേഖരന്‍ മറക്കരുതെന്നും മുഖ്യമന്ത്രി കുറിപ്പിൽ വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ഒരു കൂട്ടരുടെ താൽപര്യങ്ങള്‍ക്ക് അടിയറവ് വെക്കുമ്പോൾ, അതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സധൈര്യം ശബ്ദമുയര്‍ത്തുന്നത് സംഘ്പരിവാറിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഫാഷിസ്റ്റ് ശൈലിയിലുള്ള ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






