തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശി അനന്തു കൃഷ്ണൻ (31), തുമ്പ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അനന്തു കൃഷ്ണനെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് കാറിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നും പൊലീസ് പറയുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾ സഞ്ചരിച്ച കാർ പിന്തുടരുകയായിരുന്നു. കോവളം ബൈപ്പാസ് ജങ്ഷനിൽ എത്തിയപ്പോൾ പൊലീസ് വാഹനം ഉപയോഗിച്ച് കാർ തടയാൻ ശ്രമിച്ചു.
എന്നാൽ കാർ നിർത്തിയശേഷം പ്രതികൾ വീണ്ടും പിന്നോട്ടെടുത്ത് പൊലീസ് വാഹനത്തിലും ഡാൻസാഫിന്റെ സ്വകാര്യ വാഹനത്തിലും ഇടിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിന്തുടർന്നു. സാഹസികമായാണ് പിന്നീട് പ്രതികളെ പിടികൂടിയത്.
കാറിൽ നടത്തിയ പരിശോധനയിലാണ് പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ 100 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.






