ദമ്മാം: മയക്കുമരുന്ന് കടത്ത് കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി ഫലീൽ (41) ആണ് വധശിക്ഷയ്ക്ക് വിധേയനായത്. ഞായറാഴ്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്ന് സൗദിയിലേക്ക് കടത്തിയ കേസിലാണ് അബൂട്ടി ഫലീലിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനുശേഷം കേസ് ബന്ധപ്പെട്ട കോടതിയിൽ എത്തിക്കുകയും കുറ്റം തെളിഞ്ഞതായി കണ്ടെത്തി വധശിക്ഷ വിധിക്കുകയുമായിരുന്നു.
വിചാരണക്കോടതി വിധി പിന്നീട് ബന്ധപ്പെട്ട അപ്പീൽ നടപടികളിലും ശരിവെക്കപ്പെട്ടു. ഇതോടെ വിധി അന്തിമമായതിനെ തുടർന്ന് രാജവിഞ്ജാപന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കടുത്ത ശിക്ഷ തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയുംതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.




