മലപ്പുറം: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി. കാറിന് മുന്നിൽ താൻ നിൽക്കുന്ന ചിത്രം എഐയാണെന്ന് കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സൈബർ ലോബികൾ ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെയും കുടുംബത്തെയും വ്യക്തിഹത്യ ചെയ്യാനാണ്. ചട്ടം അറിയില്ലെങ്കിൽ ചട്ടമ്പിത്തരം പറയരുതെന്നും മന്ത്രി പ്രതികരിച്ചു.
”ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് വ്യക്തമായ ക്ലാരിറ്റിയുണ്ട്.. യുഡിഎഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിൽ അത് ഉൾക്കൊള്ളും. കാർ ഉപയോഗിച്ചതിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഉത്തരവ് പ്രകാരമാണ് കാർ ഉപയോഗിച്ചത്. കാർ ഉപയോഗിക്കുന്നതിന്റെ എല്ലാ നിയമവശവും പരിശോധിച്ചു. നിയമപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാധ്യമങ്ങൾ കാണിക്കട്ടെ- കെഎം ഷാജി പറഞ്ഞു.
കെഎം ഷാജിയുടെ വാക്കുകൾ ഇങ്ങനെ- മുഖ്യധാരാ മാധ്യമങ്ങളടക്കം വാർത്ത പ്രചരിപ്പിക്കുന്ന സമയത്ത് കൊടുത്ത എന്റെ ഫോട്ടോയാണ് ഇത്. ഇതൊരു എഐ നിർമിതമാണ്. ഈ ഫോട്ടോയുടെ അശ്ലീലമെന്താണെന്നറിയുമോ നിങ്ങൾക്ക്. ഈ കാറിനു മുന്നിൽ ഞാൻ നിൽക്കുന്ന നിൽപ്പാണിത്. ഈ 13-ാം നമ്പർ ഇതെന്റെ തറവാട്ട് സ്വത്തിൽ കിട്ടിയതാണെന്ന നിലയ്ക്കാണ് ഞാൻ നിൽക്കുന്നത്. ഇതെന്തൊരു അഹങ്കാരമുള്ള നിൽപ്പാണിത്. കെഎം ഷാജിയുടെ ഒരു ഫോട്ടോ ഇതുപോലെ കോഴിക്കോടെ മാധ്യമപ്രവർത്തകർക്ക് കാണിച്ചുതരാനാകുമോ? ഒരു വാച്ച്, എന്നിട്ട് മുണ്ടിനുള്ളിൽ കയ്യിട്ടൊരു നിൽപ്. കൊടുക്കുമ്പോൾ ഉളുപ്പെന്ന് പറഞ്ഞ ഒരു സാധനം വേണ്ടേ… നിങ്ങൾക്ക് ഈ നൈനികത എന്ന സാധനമൊന്നും ബാധകമല്ല. അതൊരു വ്യാജ ഫോട്ടൊയാണോ എന്നന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല.
അതുപോലെ മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. ഗവൺമെന്റ് ഓർഡറുകൾ പ്രകാരം (നമ്പർ 13) പ്രത്യേകം രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് കാറുകളല്ല മന്ത്രിമാർക്ക് അനുവദിക്കുന്നത്, പകരം നമ്പർ ബോർഡും ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരമുള്ള ദേശീയ പതാകയുമാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. മാത്രമല്ല, ഔദ്യോഗിക ആനുകൂല്യങ്ങൾ വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്. എന്നാൽ വ്യക്തിഗത വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
താൻ കൂർഗിലെ യാത്രയ്ക്ക് അനുമതി വാങ്ങിയിരുന്നു. തന്നെ പ്രതിക്കൂട്ടിലാക്കണമെങ്കിൽ പുതിയ ചട്ടമുണ്ടാക്കണം. കൂർഗിൽ പോകാൻ സൗകര്യം നോക്കിയാണ് ആ വണ്ടിയെടുത്തത്. ഈ വാഹനം ഇനി ഉപയോഗിക്കുമോ എന്നതിൽ ഇപ്പോൾ ഒരു തീരുമാനം പറയാനാകില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു. വേൾഡ് മലയാളി ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയത്. ബൾഗേറിയയിലായിരുന്നു പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.




