മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? അക്രമകാരികളായ കാട്ടാനകളെ കൊല്ലണം, അതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണം, ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും- എംഎം മണി
തൊടുപുഴ: അക്രമകാരികളായ കാട്ടാനകളെ കൊല്ലുക തന്നെ ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. ഇതിന് സർക്കാർ മുൻകൈയെടുക്കണം. അങ്ങനെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇടുക്കിയിലെ വനമേഖലയിൽ അറുപതോളം പേരെയാണ് കാട്ടാന കൊന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇവിടെയുള്ള ജനങ്ങൾ ഭീതിയിലാണ്. ജനങ്ങൾക്ക് യാതൊരു വിധത്തിലും ജീവിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും എംഎം മണി പറഞ്ഞു.
ജനങ്ങളുടെ ഭീതി അകറ്റേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. അതിൻറെ ഉത്തരവാദിത്തം വനം വകുപ്പിനും പോലീസിനുമുണ്ട്. അക്രമികാരികളായ ആനകളെ കൊല്ലുകയല്ലാതെ വേറെന്തു വഴിയാണുള്ളത്. ഇതിനെ പിടിച്ചാൽ തീറ്റകൊടുക്കേണ്ടേ? അതും സർക്കാരിന്റെ ഖജനാവിൽ നിന്നുതന്നെ കൊടുക്കേണ്ടെയെന്നും എംഎം മണി ചോദിച്ചു.
സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അക്രമകാരികളായ കാട്ടാനകളെ കൊല്ലണമെന്ന് പറയുന്നത് ശരിയാണോയെന്ന് ചോദിച്ചാൽ, താൻ പറയുന്നത് തന്റെ തീരുമാനമാണ്. മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? വനം വകുപ്പും പോലീസും ഇക്കാര്യത്തിൽ കർശന നിലപാട് കൈക്കൊള്ളണം. ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും, അതുകഴിഞ്ഞേയുള്ളു മറ്റെന്തുമെന്നും എംഎം മണി പറഞ്ഞു. അതേസമയം അരിക്കൊമ്പനെ പിടികൂടിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അരിക്കൊമ്പൻ കോൺഗ്രസുകാരുടെ അമ്മായിയപ്പനാണല്ലോയെന്നും എംഎം മണി പരിഹസിച്ചു.




