തിരുവനന്തപുരം: സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമാണെന്നും ബി.ജെ.പി–യു.ഡി.എഫ് കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോദിയും ഇ.ഡിയും വി.ഡി. സതീശനും ചേർന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി നിലപാടിന് യു.ഡി.എഫ് പിന്തുണ നൽകുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് യു.ഡി.എഫ് കുടപിടിക്കുകയാണ്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി ഭീഷണിപ്പെടുത്തിയാണ് കേസിൽ പല മൊഴികളും രേഖപ്പെടുത്തിയതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. സി.പി.എം നേതാക്കളെ രാഷ്ട്രീയ വേട്ടയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ നേരത്തെ പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ചെങ്കിൽ, ഈ തുകകൾ തിരഞ്ഞെടുപ്പ് കണക്കുകളിൽ എങ്ങനെയാണ് ഉൾപ്പെടുത്തിയതെന്നും വ്യക്തമാക്കണം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ വലിയ അഴിമതികൾക്ക് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇ.ഡി നീക്കത്തിനെതിരെ രാജ്യത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന നിലപാടുകൾ കോൺഗ്രസിന് തന്നെ പരിഹാസമായി മാറുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെയും സി.പി.എം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റാരുടെയെങ്കിലും സൗജന്യത്തിൽ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണെന്നും ഗോവിന്ദൻ ആരോപിച്ചു.
മന്ത്രിമാർ മറ്റാരാലും സ്വാധീനിക്കപ്പെടാതിരിക്കാനാണ് സർക്കാർ ചെലവിൽ വീടും വാഹനവും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഹെലികോപ്റ്റർ യാത്രയെ ധൂർത്തെന്ന് വിമർശിച്ചവരാണ് ഇപ്പോൾ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
മന്ത്രി കെ.എം. ഷാജിയുടെ ആഡംബര വാഹനവുമായി ബന്ധപ്പെട്ടും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. വാഹനം മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും കെ.പി.സി.സി പ്രസിഡന്റ് നൽകിയ വിശദീകരണം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ അഴിമതികൾക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.




