കൊച്ചി: മലയാളം ബിഗ് ബോസ് സീസൺ നാലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദിച്ചതിനെ തുടർന്ന് ഷോയിൽ നിന്ന് പകുതിവഴിയിൽ പുറത്താകേണ്ടി വന്നെങ്കിലും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിന് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായും റോബിൻ മത്സരിച്ചിരുന്നു.
വിവിധ വിഷയങ്ങളിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നിട്ടുള്ള താരമാണ് റോബിൻ. അടുത്തിടെ ബിഗ് ബോസ് താരം വേദലക്ഷ്മി റോബിനെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇതിനിടെയാണ് തന്റെ വ്യക്തിത്വത്തിലെ ചില കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് റോബിൻ രംഗത്തെത്തിയത്. തനിക്ക് ചില നാർസിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. തെറാപ്പി ആരംഭിച്ചതായും കുറച്ചുനാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
”എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയിലൂടെയും, സുഖപ്പെടലിലൂടെയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ എന്നും പ്രതിബദ്ധനാണ്.
കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷേ, അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നോട് സനേഹം കാണിക്കുകയും പിന്തുണക്കുകയും ക്ഷമ കാണിക്കുകയും എന്നെ മനസിലാക്കുകയും ചെയ്തവർക്ക് നന്ദി. കൂടുതല്‍ കരുത്തനും, ശാന്തനും ആയി മെച്ചപ്പെട്ടൊരു വ്യക്തിയായി ഞാൻ മാറും”, റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.






