തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരേ വേദിയിൽ. തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആർ. ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരുടെയും മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.
കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകുന്നതിനായി കാത്തിരുന്ന ഘട്ടത്തിലായിരുന്നു ഇത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതോടെ അന്ന് ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് പരിപാടി നടന്നത്.
പിന്നീട് ആർ. ചന്ദ്രശേഖരനെതിരായ കേസിൽ വിചാരണയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. അതേസമയം, നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കാരണമാണ് അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഈ പ്രയാസം കണക്കിലെടുത്താണ് വീണ്ടും നേതൃയോഗം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
ഐഎൻടിയുസി നേതൃയോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വിവിധ നയപരമായ നിലപാടുകളും വിശദീകരിച്ചു. വിദേശ വൻകിട കമ്പനികളുമായി നിക്ഷേപ ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആറുമാസത്തിനകം ഇതിന്റെ പ്രതിഫലം അനുഭവപ്പെടുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ഏകജാലക സംവിധാനം പലപ്പോഴും തട്ടിപ്പായി മാറുന്നുവെന്നും ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് പോലും കോടികളുടെ നിക്ഷേപം തടയാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായാണ് 19 നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നവയാകണമെന്നും സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥയെ ഊറ്റിക്കുടിക്കുന്ന സ്ഥാപനങ്ങളായി അവയെ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. കേന്ദ്ര ലേബർ കോഡ് സംബന്ധിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. മറ്റൊരു നിയമവും നിലവിലില്ലാത്തതിനാൽ ലേബർ കോഡ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെങ്കിലും തൊഴിലാളികളെ ബാധിക്കാത്ത വിധത്തിലും തൊഴിലാളിവിരുദ്ധ നയങ്ങൾ ഒഴിവാക്കിയുമാകും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് ബിസിനസ് നടന്നുവെന്നും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






