തിരുവനന്തപുരം: ലോക കേരളസഭയുടെ നല്ല വശങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ ആലോചിക്കണമെന്ന് കോൺഗ്രസ് നേതാവ് സണ്ണി ജോസഫ്. ലോക കേരളസഭയ്ക്കായി അനുവദിച്ച രണ്ട് കോടി രൂപ ഫലപ്രദമായി ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി ലോകമെമ്പാടുമുള്ള മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വേദിയൊരുക്കാനാകുമെങ്കിൽ അത് നല്ല കാര്യമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ലോക കേരളസഭ എന്ന ആശയത്തെയല്ല, അത് നടത്തിവരുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധൂർത്തും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ഒഴിവാക്കിയാൽ ലോക കേരളസഭ എന്ന ആശയം മികച്ചതാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
അതേസമയം, ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
അതിനിടെ, മന്ത്രി കെ.എം. ഷാജിയുടെ വാഹനവുമായി ബന്ധപ്പെട്ട വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയം വലിയ വിവാദമാക്കേണ്ടതില്ലെന്നും ഇത് ഒരു ചെറിയ തർക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജി വാഹനം ഉപയോഗിക്കുന്നതിലൂടെ സർക്കാരിന് ലാഭമാണുണ്ടാകുന്നതെന്നും സണ്ണി ജോസഫ് അവകാശപ്പെട്ടു.
സൗജന്യവും സൗകര്യവും രണ്ടാണെന്നും ഷാജി ഉപയോഗിക്കുന്നത് സുഹൃത്തുക്കൾ നൽകുന്ന സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജിക്കെതിരെ പറയാൻ മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവാദമാക്കുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.






