കൊല്ലം: വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. സ്വന്തം ചെലവിലാണ് താന്‍ വിദേശയാത്ര നടത്തിയതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും കായിക മന്ത്രി പറഞ്ഞു. പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങള്‍ പോയത്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ എന്ന് ചോദിച്ച അദ്ദേഹം, തനിക്ക് 37 വയസ്സ് മാത്രമാണ് പ്രായമെന്നും തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
‘പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങളുടെ യാത്ര. അതുകൊണ്ടായിരിക്കാം വിമര്‍ശനം. പ്രതിപക്ഷം പോയതുകണ്ടിട്ടില്ലേ?. ഭാര്യയും മകളും മകളുടെ മകളുമായിട്ടുള്ള പോക്കുപോലെയായിരുന്നില്ല ഞങ്ങളുടേത്. ഞാന്‍ രണ്ട് യാത്ര നടത്തി. എന്റെ വയസ്സ് 37 ആണ്. തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ചെറിയ യാത്ര നടത്തും. സര്‍ക്കാരിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍, എന്റെ ചുമതലകളില്‍ പോരായ്മ വരാത്ത രീതിയില്‍, സര്‍ക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയില്‍, പൗരന്റെ നികുതി പണം നഷ്ടമാകാത്ത രീതിയില്‍ ഇടയ്‌ക്കൊക്കെ ചെറിയ യാത്ര പോകും’- ഒജെ ജനീഷ് പറഞ്ഞു.
കുടുംബത്തോടൊപ്പം ഒമാനിലേക്കായിരുന്നു മന്ത്രി ഒജെ ജനീഷിന്റെ സന്ദര്‍ശനം. രമേശ് ചെന്നിത്തല, പിസി വിഷ്ണുനാഥ്, കെഎം ഷാജി തുടങ്ങിയ മറ്റ് മന്ത്രിമാരും സമീപ ദിവസങ്ങളില്‍ വിദേശയാത്ര നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബസമേതമുള്ള അമേരിക്കന്‍ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നു. ഔദ്യോഗിക കാര്യത്തിനായിരുന്നു പിസി വിഷ്ണുനാഥിന്റെ യുഎഇ യാത്ര.






