സുൽത്താൻ ബത്തേരി: വയനാട്ടിൽ മദ്യം കണ്ടെടുത്ത വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. കഴിഞ്ഞമാസം ജിഎസ്ടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ ആന്റോ നൽകിയ മൊഴിയിൽ സ്വന്തം മേൽവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് അനധികൃത മദ്യം പിടികൂടിയ വാഴവറ്റയിലെ വിലാസമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിനാണ് ജിഎസ്ടി കാസർഗോഡ് കാഞ്ഞങ്ങാട് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ഓഫീസർമാർക്ക് മുൻപാകെ ആന്റോ അഗസ്റ്റിൻ ഹാജരായി രേഖാമൂലം മൊഴി നൽകിയത്. അതിൽ ‘ആന്റോ അഗസ്റ്റിൻ (വയസ് 38), സൺ ഓഫ് അഗസ്റ്റിൻ, മൂങ്ങാനിയൽ, വാഴവറ്റ പോസ്റ്റ്, വയനാട്’ എന്നാണ് ആധാർ നമ്പർ അടക്കം നൽകിയ മൊഴിയിൽ തന്റെ മേൽവിലാസമായി അദ്ദേഹം കൊടുത്തിരിക്കുന്നത്.
അതുപോലെ മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും മറ്റ് നിയമനടപടികൾക്ക് തെളിവായി ഇത് ഉപയോഗിക്കാമെന്നും ആന്റോ അഗസ്റ്റിൻ സമ്മതിച്ച് ഒപ്പും വെച്ചിട്ടുമുണ്ട്. അതേസമയം വയനാട് വാഴവറ്റയിലെ ഇതേ വീട്ടിൽ നിന്നാണ് പോലീസ് കഴിഞ്ഞദിവസം 67 ലിറ്റർ മദ്യവും വൈനും വ്യാജമദ്യവും പിടികൂടിയത്. പക്ഷെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വീട് തന്റേതല്ലെന്നും ഭാര്യയുടെ അമ്മയുടേതാണെന്നും വരുത്തിതീർക്കാനാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ ശ്രമിച്ചത്.
ഇതിനായി 2020-ൽ വീട് ഒരു ഡൽഹി സ്വദേശിക്ക് കൈമാറിയതാണെന്നും, പിന്നീട് ബാങ്ക് ലേലത്തിൽ വെച്ചപ്പോൾ ഭാര്യമാതാവാണ് ലേലത്തിൽ പിടിച്ചതെന്നും കാണിച്ച് ബാങ്ക് രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സർക്കാർ രേഖകൾ സഹിതം എതിർത്തതിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.
അതുപോലെ ഒരു നില പണിയാൻ മാത്രം അനുമതിയുള്ള ഈ കെട്ടിടത്തിൽ മൂന്ന് നിലകൾ പണിതുയർത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകളുണ്ട്. കൂടാതെ, 2025-ൽ ഈ കെട്ടിടത്തിന്റെ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിൻ തന്നെയാണ് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് മുൻപാകെ സമർപ്പിച്ച മൊഴിയും പഞ്ചായത്ത്, കെട്ടിട നികുതി രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ കോടതിക്ക് മുൻപാകെ സമർപ്പിക്കും.




