തൃശ്ശൂർ: ചാവക്കാട് സ്വകാര്യ ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിലാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്. വളവിൽവെച്ച് ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ യുവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ യുവതിയുടെ കാലിനും കൈയ്ക്കും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്.






