ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് പുതിയ സംഭവവികാസം.
നേരത്തെ ഖെഷ്ം ദ്വീപിന് തെക്കുഭാഗത്തുവെച്ച് അമേരിക്കയുടെ ‘എം.ക്യു-1 പ്രിഡേറ്റർ’ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അമേരിക്കൻ ഡ്രോൺ കൂടി തകർത്തതായി ഇറാൻ സൈന്യം അറിയിച്ചത്.
ബഹ്‌റൈനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകൾ ആകാശത്തുവെച്ചുതന്നെ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ അവകാശവാദം പുറത്തുവന്നത്.
അതേസമയം, ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഐ.ആർ.ജി.സി. അവകാശപ്പെട്ടു. എന്നാൽ, രാജ്യത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെടുത്തിയെന്ന് ബഹ്‌റൈൻ ഭരണകൂടവും അറിയിച്ചു.
ഇരുപക്ഷവും പരസ്പരം ആക്രമണങ്ങളും പ്രതിരോധ അവകാശവാദങ്ങളും ഉന്നയിക്കുന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുകയാണ്.