തിരുവനന്തപുരം: സിഎംആർഎൽ- എക്സലോജിക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ പി.എ. മുഹമ്മദ് റിയാസുമായി അടുപ്പമുള്ളവർ ഇഡിക്കു നൽകിയ മൊഴികൾ വീണയ്ക്ക് കുരുക്കാകുന്നു. റിയാസിന്റെ അടുപ്പക്കാരായ കെ. വാരിസ്, കെ. മുഹമ്മദ് ഷൈജൽ, എം. നന്ദുലാൽ എന്നിവരുടെ മൊഴികളാണ് വീണയ്ക്കും റിയാസിനും തിരിച്ചടിയാവുകയെന്നാണ് സൂചന. ഇവർ കഴിഞ്ഞ മാസം 18നാണ് ഇഡിക്ക് മൊഴി നൽകിയത്.
പിന്നീട് വാരിസിനെ മകളുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് റിയാസ് ആരോപിച്ചിരുന്നു. അതേസമയം കെ.വാരിസിന്റെ മൊഴിയിൽ പറയുന്നത് ‘‘2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു. ഹവാല ഏജന്റായ സുബൈർ കരുവംപൊയിൽ വഴി ഇത് ദുബായിലുള്ള വി.പി. ഫൈജാസിനു ആ പണം ഞാൻ അയച്ചു. 2024 ജൂലൈയിൽ 4 തവണയും 2025 ജൂലൈയിൽ ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു.’’
കൂടാതെ ഫൈജാസ്, സുബൈർ എന്നിവരുമായി വാരിസ് നടത്തിയ വാട്സാപ് ചാറ്റുകൾ റെയ്ഡിൽ കണ്ടെടുത്തുവെന്നും അവ തന്റേതു തന്നെയാണെന്ന് വാരിസ് എഴുതി ഒപ്പിട്ടുനൽകിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ‘DXB Subair koduvally Hawa’ എന്ന പേരിലാണ് സുബൈറിന്റെ പേര് വാരിസ് ഫോണിൽ സേവ് ചെയ്തിരുന്നതെന്നും ഇഡി കണ്ടെത്തി.
കെ. മുഹമ്മദ് ഷൈജലിന്റെ മൊഴി പ്രകാരം ‘‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. അതിൻപ്രകാരം ദുബായ് കേന്ദ്രീകരിച്ച് വസ്ത്രക്കയറ്റുമതി സ്ഥാപനം തുടങ്ങാമെന്ന ആശയം ഞാൻ മുന്നോട്ടുവച്ചു. ബിസിനസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഞാനും റിയാസ്, വീണ, ഫൈജാസ് എന്നിവരും ദുബായ് സന്ദർശിച്ചു’’.
മൂന്നാമത്തെ ആളായ എം. നന്ദുലാൽ ഇഡിക്കു നൽകിയ മൊഴിയിൽ പറയുന്നത് ‘‘2024 ഏപ്രിൽ 19നു ജിയോ കമ്പനിയുടെ സിം എന്റെ പേരിലെടുത്തു. വീണ ദുബായിക്കു പോകുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു ഇത്. സിം റിയാസിനു കൈമാറി. വീണയും റിയാസും മേയിൽ നടത്തിയ ദുബായ് യാത്രയിൽ ഈ സിം ഉപയോഗിച്ചു’’ എന്നാണ്.
അതേസമയം ഇതെക്കുറിച്ച് ഇ.ഡിയുടെ കണ്ടെത്തൽ പ്രകാരം ദുബായിൽ കമ്പനി സ്ഥാപിക്കുകയായിരുന്നു റിയാസിന്റേയും വീണയുടേയും ലക്ഷ്യം. ഈ ദിവസങ്ങളിൽ ഫൈജാസും അവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് സിം റിയാസിനു നൽകിയെന്ന ചോദ്യത്തോട് ‘തിരിച്ചറിയപ്പെടാതിരിക്കാൻ വേണ്ടിയാകാം’ എന്നു നന്ദുലാൽ മറുപടി നൽകി.
സിഎംആർഎലിൽ നിന്ന് 2017 മാർച്ച് മുതൽ ടി. വീണ പണം കൈപ്പറ്റിയതിന്റെ വിശദ വിവരമടങ്ങിയതെന്ന് ഇ.ഡി പരാമർശിക്കുന്ന പട്ടികയും ഡിജിപിക്കു നൽകിയ കത്തിനൊപ്പമുണ്ട്. അതിൽ പറയുന്നതിങ്ങനെ – 2017 മാർച്ച് നാലിനാണ് വീണയുടെ അക്കൗണ്ടിലേക്ക് ആദ്യ തുകയായി 9 ലക്ഷം രൂപയെത്തിയെന്നാണ്. ആകെ 2,78,01,000 രൂപ (2.78 കോടി) വീണയുടെ ബാങ്ക് അക്കൗണ്ടിലെത്തി. 50 ലക്ഷം രൂപ എക്സാലോജിക്കിന്റെ അക്കൗണ്ടിലും എത്തി. ആകെ 3,28,01,000 രൂപ (3.28 കോടി).
എന്നാൽ ഇതേക്കുറിച്ച് ഇ.ഡി പറയുന്നത് ഈ തുക കൈക്കൂലി തന്നെയാണ്. വീണയിലൂടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കൈക്കൂലി. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് ഒരു സേവനവും സിഎംആർഎലിനു നൽകിയിട്ടില്ല. പിണറായി വിജയനുമായുള്ള ബന്ധം കണക്കിലെടുത്താണു വീണയ്ക്കു പണം നൽകിയിരുന്നതെന്ന് സിഎംആർഎൽ മുൻ ചീഫ് ഫിനാൻസ് ഓഫിസർ പി.സുരേഷ്കുമാർ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ്.






