തിരുവനന്തപുരം: തന്റെ അമേരിക്കൻ യാത്രയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അമേരിക്കൻ യാത്ര സർക്കാർ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്. ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് അനുകൂല സൈബർ ഹാൻഡിലുകളിൽ വ്യാപക പ്രചാരണം നടന്നതിന് പിന്നാലെയാണ് പ്രതികരണം.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് താനും കുടുംബവും അമേരിക്കയിലെത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. ഫെലിക്സ് സൈമണുമായി മൂന്നര പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ മലയാളി സംഘടനകളുടെ വിവിധ പരിപാടികളിലും പങ്കെടുത്തതായി ചെന്നിത്തല പറഞ്ഞു. ഓണാഘോഷങ്ങളിലും പങ്കെടുത്തു. ജോസ് കെ. മാണി അടക്കമുള്ളവരും തനിക്കൊപ്പം സന്ദർശനങ്ങളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
വീഡിയോയുടെ അവസാനത്തിലാണ് അമേരിക്കൻ യാത്രയുടെ ചെലവിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് ചെന്നിത്തല മറുപടി നൽകിയത്. ‘പിന്നെ സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.






