മധുര: തമിഴ്നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അധിയമാൻകോട്ട പോലീസാണ് ഇയാളെ പിടികൂടിയത്. കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് പിന്തുടരുന്നതറിഞ്ഞ നിഷാന്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തുള്ള തനിഷ്ക് ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു കവർച്ച. മോഷണത്തിന് മുന്നോടിയായി ഉപഭോക്താവെന്ന വ്യാജേന നിഷാന്ത് മൂന്ന് തവണ ഷോറൂമിലെത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ മനസ്സിലാക്കാനായിരുന്നു ഈ സന്ദർശനങ്ങളെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി. പുതിയ ഷോറൂമായതിനാൽ പൂർണമായ ലോക്കർ സംവിധാനം ഒരുക്കിയിരുന്നില്ല. രാത്രിയിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും മോഷ്ടാവിന് അനുകൂലമായി.
കെട്ടിടത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന സ്കഫോൾഡിങ് ഉപയോഗിച്ച് ടെറസിലെത്തിയ നിഷാന്ത് ലിഫ്റ്റ് ഷാഫ്റ്റിലൂടെയാണ് ഷോറൂമിനുള്ളിൽ കടന്നത്. തുടർന്ന് ആഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച സ്വർണവും വജ്രാഭരണങ്ങളും ചാക്കിലാക്കി മാടക്കുളം കുളത്തിന് സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. ബാക്കിയുള്ള ആഭരണങ്ങളുമായാണ് ഇയാൾ ഒളിവിൽ പോയത്.
കവർച്ചയ്ക്കിടെ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും പോലീസ് കണ്ടെത്തി. കവർച്ചയ്ക്കുശേഷം സ്വർണം നിറച്ച ബാഗ് നിഷാന്ത് പിതാവിനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് മീനാക്ഷിയുടെ സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്. സുരേഷ് സ്വർണം ആദ്യം പഴങ്ങാനത്തെ വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്ന് നിഷാന്ത് ഇത് അവിടെനിന്ന് മാറ്റുകയായിരുന്നു.
ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ കാലിവളർത്തുകാരൻ നൽകിയ നിർണായക വിവരം എന്നിവയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ ആറുകിലോ സ്വർണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാദിവസം ധരിച്ചിരുന്ന ഷൂസും കൈയുറകളും കണ്ടെത്തിയതായി പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ പറഞ്ഞു.
മീനാക്ഷിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് നിഷാന്തും മീനാക്ഷിയും. പിന്നീട് നിഷാന്ത് പഠനം നിർത്തിയെങ്കിലും ഇരുവരും സൗഹൃദം തുടർന്നു. മീനാക്ഷിക്ക് വീട് നിർമാണത്തിനും മറ്റുമായി വലിയ തുക ആവശ്യമായി വന്നതോടെയാണ് നിഷാന്ത് ജ്വല്ലറി കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.
നേരത്തേ അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.