കൊച്ചി: ‘ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എഐ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നത്.’- തന്നെ ട്രോളി ഇട്ട എഐ വീഡിയോ ആസ്വദിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ വൈറലായിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ചുള്ള എഐ നിർമിത ഡാൻസ് വീഡിയോയായിരുന്നു കേരളം മുഴുവൻ വൈറലായത്. കേരളം അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിയോടുള്ള രസകരമായ പ്രതിഷേധമായി പങ്കുവെക്കപ്പെട്ട ആ വീഡിയോയെ കുറിച്ച് വളരെ പോസറ്റീവായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.
‘സംഗീതം, നൃത്തം തുടങ്ങി എല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) കഴിയും. പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും? ഇന്ന് ഞാൻ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എഐ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നത്.’ -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ വൈറൽ ഡാൻസ് എഐ വീഡിയോ ഇതിനകം ഒന്നര കോടിയിലേറെ പേരാണ് കണ്ടത്. കേരളാ ജുഡീഷ്യൽ അക്കാദമിയും കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും സംയുക്തമായി എറണാകുളത്തെ ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
View this post on Instagram






