കോഴിക്കോട്: കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ റാഗിങ്ങെന്ന് പരാതി. വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി പത്താം ക്ലാസ് വിദ്യാർഥിനികൾ ക്രൂരമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പരുക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയർ വിദ്യാർഥിനികളുടെ വിരോധത്തിന് കാരണമായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.






