കോഴിക്കോട്: സ്പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തെ തുടർന്ന് സിവിൽ പൊലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസിലിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് താമരശേരിയിലെ സ്പായിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. തുടർന്ന് ഇവിടെനിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിയതെന്നും പരാതിയുണ്ട്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫാസിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം.






