തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി സംഘത്തെ പിടികൂടാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പോലീസുകാരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് ലഹരി സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നു വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസിന്റെ തന്നെ ബൈക്കിൽ പോയ ഇരുവരെയും ആൾട്ടോ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. മുമ്പോട്ടെടുത്ത കാർ നിർത്തി വീണ്ടും പിന്നോട്ട് എടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. റോജിന്റെ കാലിൽക്കൂടി കാർ കയറ്റിയിറക്കുകയും ചെയ്തു. അതേസമയം കാറിൽ ഉണ്ടായിരുന്നവർ ലഹരി സംഘങ്ങൾ ആണെന്നാണ് പ്രാഥമിക വിവരം. കാറിൽ രക്ഷപ്പെട്ട ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.






